സെന്റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം ഒത്തു തീര്‍പ്പായി; പെണ്‍കുട്ടിയെ ബുധനാഴ്ച സ്കൂളില്‍ പ്രവേശിപ്പിക്കും; ആണ്‍കുട്ടിക്ക് വ്യാഴാഴ്ച പരീക്ഷ എഴുതാനും അനുമതി
തിരുവനന്തപുരം: മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം ഒത്തു തീര്‍പ്പായി. ബുധനാഴ്ച പെണ്‍കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനം. ആണ്‍കുട്ടിക്ക് വ്യാഴാഴ്ച നടക്കുന്ന പരീക്ഷ എഴുതാനും അനുവാദം നല്കി. ശശി തരൂരിന്റെ മധ്യസ്ഥതയിലാണ് വിവാദം ഒത്തുതീര്‍ന്നത്.
സ്കൂള്‍ കലാമത്സരത്തില്‍ വിജയിച്ച പെണ് സുഹൃത്തിനെ അഭിനന്ദിച്ചു ആലിംഗനം ചെയ്തെന്ന പേരിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയത്. പ്ലസ്ടു വിദ്യാര്‍ഥിക്കും പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിക്കുമാണ് ദുരനുഭവം ഉണ്ടായത്. ജൂലൈ 21 ന് സ്കൂള്‍ കലോല്‍സവത്തിൽ പാശ്ചാത്യ സംഗീതമത്സരത്തിൽ പങ്കെടുത്ത കൂട്ടുകാരിയെ അഭിനന്ദിക്കാൻ നടത്തിയ ആലിംഗനമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സ്റ്റാഫ് റൂമിനു സമീപം സുഹൃത്തുക്കളുടെ മുന്നിൽവെച്ചായിരുന്നു സംഭവം.
ഇതു നേരിൽ കാണാനിടയായ ഒരു അധ്യാപിക ഇരുവരെയും വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വിളിപ്പിക്കുകയും ഇതിനെക്കുറിച്ച് ആരായുകയും ചെയ്തു. അഭിനന്ദനം എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഉദ്ദേശിച്ചില്ലെന്നും മേലിൽ ഇതാവർത്തിക്കില്ലെന്ന് പറഞ്ഞതോടെ പ്രശ്നം അവിടെ അവസാനിച്ചു എന്നാണ് വിദ്യാർഥി കരുതിയത്. എന്നാൽ, മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്ലാസ് ടീച്ചർ പ്രശ്നം വഷളാക്കുകയായിരുന്നു എന്നാണ് വിദ്യാർഥിയുടെ രക്ഷിതാക്കൾ പറയുന്നത്. സ്കൂൾ അധികൃതർ തികച്ചും പരുഷമായ സമീപനമാണ് കൈക്കൊണ്ടതെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ ആരോപണം.
വിദ്യാർഥിയുടെ ബർത്ത്ഡേ പാർട്ടിക്കിടയിൽ കൂട്ടുകാരിയും ഒത്തെടുത്ത ചിത്രങ്ങൾ കാട്ടി സ്കൂളിന്റെ സൽപേരിനു കളങ്കം വരുത്തുന്നു എന്നാരോപിച്ചാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വിദ്യാർഥിയെ സ്കൂളിൽനിന്നു പുറത്താക്കുകയും പെൺകുട്ടി സ്കൂളിൽ നിന്നു സ്വമേധയാ പിൻവാങ്ങുകയും ചെയ്തു. സ്കൂൾ അധികൃതർ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ച് മറ്റ് സ്കൂളുകളിലും പ്രവേശനം തടസ്സപ്പെടുത്തി എന്നാണ് വിദ്യാർഥികൾ പറയുന്നത്. ആണ്‍കുട്ടി നിര്‍ബന്ധപൂര്‍വം തന്നെ ആലിംഗനം ചെയ്തതാണെന്ന് എഴുതി നല്‍കണമെന്നു മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നുവെന്നു വിദ്യാര്‍ഥിനിയും ആരോപിക്കുന്നു.
പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആൺകുട്ടിയുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തു. ഇതിനെതിരെ സ്കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കോടതി ബാലാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി.
സംഭവത്തിനു ദൃക്സാക്ഷിയായ അധ്യാപിക രേഖാമൂലം പരാതി നൽകിയതിനെ തുടർന്നു സ്കൂൾ അച്ചടക്ക സമിതി ആൺകുട്ടിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ടീച്ചേഴ്സ് കൗൺസിൽ കുട്ടിയെ പുറത്താക്കണമെന്നു നിർദേശിച്ചു. എന്നാൽ രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ച് ഓണപ്പരീക്ഷ കഴിയുന്നതുവരെ നടപടി ഒഴിവാക്കി. ഇതിനിടെയാണു രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനെ സമീപിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷണത്തിനു നിയോഗിച്ച സ്കൂൾ സമിതി ആലിംഗനം പെട്ടെന്നുണ്ടായ ആഹ്ലാദപ്രകടനമായി കണക്കാക്കാനാവില്ലെന്ന നിഗമനത്തിലാണെത്തിയത്. സമ്മാനം പ്രഖ്യാപിച്ചു വളരെ സമയം കഴിഞ്ഞാണത്രെ ആലിംഗനം. സ്കൂളിൽ നിന്നു പുറത്താക്കിയെങ്കിലും രക്ഷിതാക്കൾ അപേക്ഷ നൽകിയാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കുട്ടിയെ പരീക്ഷയെഴുതാൻ അനുവദിക്കുമെന്നു സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.