പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രം
തിരുവനന്തപുരം: പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തും. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും പ്രാദേശിക കമ്മിറ്റികളുടെ അനുമതിയില്ലാതെ നേരിട്ട് വയല്‍ നികത്താം. സിപിഐഎം-സിപിഐ നേതൃത്വങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ധാരണയായി.
ഗെയ്ല് പൈപ്പ്ലൈന് പദ്ധതിക്കെതിരായ സമരം കാരണമാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഗെയ്ല് പൈപ്പ്ലൈനുവേണ്ടി 24 ഇടങ്ങളില്‍ വയല്‍ നികത്തണം. മിക്കയിടങ്ങളിലും വയല്‍ കമ്മിറ്റികള്‍ നികത്തലിന് അനുമതി നിഷേധിച്ചിരുന്നു.
നിയമത്തിന്റെ പത്താം വകുപ്പിലാണ് ഭേദഗതി വരുത്തുക. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കും.
സർക്കാർ പദ്ധതികൾക്കും പൊതുതാത്പര്യം സംരക്ഷിക്കുന്ന വൻകിട പദ്ധതികൾക്കും സർക്കാരിനു നേരിട്ടു പങ്കാളിത്തമുള്ള പദ്ധതികൾക്കും ഭേദഗതി സഹായകരമാകും. പ്രാദേശിക ഭരണ സമിതികളുടെ അനുമതിയില്ലാതെ സർക്കാരിന് ഇനി നേരിട്ട് വയൽ നികത്താൻ അനുമതി നൽകാനാകും. ഒരിടത്തു നിന്നു മാത്രം അനുമതി വാങ്ങിയാൽ മതിയെന്നു ചുരുക്കം.
സ്വകാര്യ പദ്ധതികൾക്ക് അനുമതി നൽകണമോയെന്ന കാര്യത്തിൽ മുന്നണിയിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. സിപിഐയ്ക്കു കീഴിലുള്ള കൃഷിവകുപ്പും റവന്യൂവകുപ്പുംഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചതോടെ ആ നീക്കം ഉപേക്ഷിച്ചു.
നെൽവയലും തണ്ണീർത്തടവും നികത്തുന്നതു ജാമ്യമില്ലാ വകുപ്പുപ്രകാരം ക്രിമിനൽ കുറ്റമാക്കുന്ന, നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമ കരടുഭേദഗതി ബിൽ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വന്നേക്കുമെന്ന സൂചനയ്ക്കിടെയാണു പുതിയ റിപ്പോർട്ട്. മൂന്നുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാക്കണമെന്ന നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണു പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നത്.
വിവാദ വ്യവസ്ഥകൾ ഉൾപ്പെടുന്ന സാഹചര്യത്തിൽ ഇടതുമുന്നണിയിൽ ചർച്ചചെയ്ത ശേഷം മന്ത്രിസഭ അംഗീകരിച്ചാൽ മതിയെന്ന വാദവും ഉയർന്നിട്ടുണ്ട്. നിലവിൽ, നികത്തൽ ഉദ്യോഗസ്ഥർ കണ്ടെത്തിയാലും പിഴയടച്ചു കേസിൽനിന്ന് ഒഴിവാകാമായിരുന്നു. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ആലോചന.