ചാരക്കേസ് പരാമര്‍ശം:പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എംഎം ഹസന്; പ്രകടിപ്പിച്ചത് ഏറെ കാലമുണ്ടായിരുന്ന മനസ്സിലെ വികാരം
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കരുണാകരനെതിരെ പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ തലത്തില്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നു ഈ പരാമര്‍ശം. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഹസന് പറഞ്ഞു.
ഗ്രൂപ്പില്‍ ആശയക്കുഴപ്പം ഉണ്ടോയെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട. പ്രകടിപ്പിച്ചത് ഏറെ കാലമുണ്ടായിരുന്ന മനസ്സിലെ വികാരമാണ്. ഇതിന് പുതിയ വ്യാഖ്യാനം നല്‍കേണ്ടെന്നും ഹസന് പറഞ്ഞു.
ഐ.എസ്.ആര്.ഒ ചാരക്കേസിന്റെ സമയത്ത് കെ.കരുണാകരനെരാജി വെപ്പിക്കാന്ശ്രമിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോടും തന്നോടും എ.കെ.ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്റെ വെളിപ്പെടുത്തല്‍. കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാകരന്റെ ഓര്മ ദിനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ഹസന് ഇക്കാര്യം വ്യക്തമാക്കിയത്.കരുണാകരനെതിരെ നടപടിയെടുത്തതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും ആന്റണിയുടെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്നും ഹസന് വ്യക്തമാക്കി.
അന്ന് കരുണാകരന് കാലാവധി തികയ്ക്കാന്‍ അവസരം നല്‍കണമായിരുന്നു. കരുണാകരനെതിരേ പ്രവര്‍ത്തിച്ചതില്‍ തനിക്ക് വളരെയധികം വിഷമമുണ്ടെന്നും ഹസ്സന് കൂട്ടിച്ചേര്‍ത്തു. കരുണാകരന് പുറത്തേക്കുള്ള വാതില്‍ തുറന്നത് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍, അത് ശരിയായിരുന്നില്ല.
കരുണാകരനെ പുറത്താക്കരുതെന്ന് അന്ന് ആന്റണി തന്നോടും ഉമ്മന്‍ ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്ന് ആന്റണിയുടെ ഉപദേശം ചെവിക്കൊള്ളാതിരുന്നതില്‍ ഇപ്പോള്‍ തനിക്ക് കുറ്റബോധമുണ്ടെന്നും കരുണാകരനെ പുറത്താക്കിയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നു ആന്റണിയുടെ മുന്നറിയിപ്പ് വളരെ ശരിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ വിഭാഗീയത ഉണ്ടായത്. ലീഡറിനെ കൂടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞതായി ഹസ്സന് കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ രാജിക്ക് താനും കാരണക്കാരനാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരില്‍ താനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ താന്‍ ലീഡറോട് ചെയ്ത അനീതിയാണിതെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ആത്മകഥ എഴുതുമ്പോള്‍ ഇത് വെളിപ്പെടുത്താനാണ് താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലീഡറിന്റെ അനുസ്മരണ പരിപാടിയില്‍ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പശ്ചാത്തലത്തില്‍ 1995ല്‍ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയിരുന്നത്.