മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് ധ്വനി വരാവുന്ന രീതിയില്‍ ദിലീപ് തന്നോട് സംസാരിച്ചതായി കുഞ്ചാക്കോ ബോബന്; നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില് സൗഹൃദത്തിന്റെ പേരില്‍ മാറാന്‍ ഞാന്‍ തയാറാണെന്ന് പറഞ്ഞു; പക്ഷേ അദ്ദേഹം ഉദ്ദേശിച്ചത് ഞാന്‍ സ്വയം പിന്മാറണമെന്നാണെന്നായിരുന്നു; നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെട്ട വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടരുതെന്ന് സിദ്ദിഖിനും താക്കീത് നല്കി
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെയുള്ള കുരുക്ക് മുറുകുന്ന മൊഴികളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. ഹൗ ഓള്‍ഡ് ആര് യു ചിത്രത്തില്‍ നിന്ന് പിന്മാറാന് ദിലീപ് ആവശ്യപ്പെട്ടതായാണ് നടന് കുഞ്ചാക്കോ ബോബന് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
മഞ്ജു വാര്യര്‍ ഒരിടവേളക്ക് ശേഷം അഭിനയിച്ച സിനിമയാണ് റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തിലെത്തിയ ഹൗ ഓള്‍ഡ് ആര്‍യു. ആ സിനിമയില്‍ താന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ ദിലീപ് തന്നോട് സംസാരിച്ചിരുന്നതായും കുഞ്ചാക്കോ ബോബന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം കസിന്‍സ് എന്ന സിനിമയില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം ദിലീപിന്റെ ഇടപെടലിലൂടെ നടിക്ക് സിനിമകളില്‍ അവസരം നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്ന് നടന് സിദ്ധിഖിന്റെ മൊഴിയില്‍ പറയുന്നു. ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോള്‍, ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് മറുപടി നല്‍കിയതായി സിദ്ധിഖ് പറയുന്നു
കുഞ്ചാക്കോ ബോബന്റെ മൊഴിയുടെ പൂര്‍ണരൂപം
ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമാ നടനാണ്. സിനിമ നിര്‍മാണവും ചെയ്യുന്നുണ്ട്. നടന് ദിലീപ് എന്റെ സുഹൃത്താണ് ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടന് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍യു എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്. മോഹന്‍ലാല്‍ നായകനായ സിനിമയിലാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. അത് എന്തോ കാരണത്താല്‍ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷന് ആന്‍ഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാന്‍ അതില്‍ അഭിപ്രായം ഒന്നും പറയാറില്ല.
ആ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിന് മറുപടിയായി ദിലീപിനോട് ഞാന്‍ ഡേറ്റ് കൊടുത്തത് റോഷന് ആന്‍ഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അഭിനയിക്കരുത് എന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില് എത്തിക്സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാന്‍ മാറാം. പക്ഷെ നിങ്ങള്‍ ആവശ്യപ്പെടണം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാന്‍ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തില്‍ നിന്നും ഞാന്‍ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീര്‍ച്ചയാണ്. കസിന്‍സ് എന്ന സിനിമയില്‍ നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.
സിദ്ധിഖിന്റെ മൊഴിയുടെ പൂര്‍ണരൂപം
ഞാന്‍ 1987 മുതല്‍ മലയാളസിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഞാന്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. 2017 ഫെബ്രുവരി 13-ാം തീയതി രാവിലെ എന്റെ ഫോണില്‍ ഞാന്‍ നോക്കിയപ്പോള്‍ നിര്‍മാതാവ് ആന്റോ ജോസഫിന്റെ നമ്ബറില്‍ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോള്‍ കണ്ടിരുന്നു. തുടര്‍ന്ന് ഞാന്‍ പുലര്‍ച്ചെ 06.30 മണിയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന് ലാലിന് കൊടുക്കുകയും ലാല്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോല്‍ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ എന്നോട് പറഞ്ഞു.
ഞാന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടില്‍ നിന്നും ഞാന്‍ മടങ്ങി. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്.
യാത്രാമധ്യേ കാറിലിരുന്ന് താന്‍ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു. ദിലീപും നടിയും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. 2013 ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയില്‍ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു.
റിഹേഴ്സല്‍ ക്യാമ്ബില്‍ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു. ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്.
ഞാന്‍ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്ബില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.