12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ 2008ലെ മാതൃകയില്‍ പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു. 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതില്‍ 2500 കോടി രൂപ ഈ വര്‍ഷം തന്നെ വേണ്ടിവരും. അടിസ്ഥാനസൗകര്യ വികസനത്തിന് പണം കണ്ടെത്താനായി പുതിയ നിക്ഷേപനിധി രൂപവത്കരിക്കും. പുതിയ സംവിധാനം കൊണ്ടുവരാനായി നിയമഭേദഗതി കൊണ്ടുവരും.
പല മേഖലകളിലായി 20,000 കോടി രൂപ ഇതിലേക്ക് കണ്ടെത്തും. ഇഫ്ടാക് എന്ന പ്രത്യേക കമ്മീഷനാണ് ഇതിന്റെ ചുമതല. സമൂലമായ നിയമഭേദഗതിയിലൂടെ, കടംവാങ്ങുന്ന പണത്തിന്റെ വിശ്വാസ്യത കൂട്ടി ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇങ്ങനെ സ്വരൂപിക്കുന്ന പണം സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിക്കില്ല. ബജറ്റിന് പുറത്തുനിന്ന് കണ്ടെത്തുന്ന തുകയായിരിക്കും ഇത്. പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതിയുടെ ഒരു ഭാഗവും ഇതിലേക്ക് മാറ്റും. ഈ നിധിയില്‍ നിന്നായിരിക്കും കരാറുകാര്‍ക്കുള്ള പണം നല്‍കുക. അതിനാല്‍ തന്നെ കരാറുകാര്‍ക്ക് ട്രഷറിയെ സമീപിക്കേണ്ടിവരില്ല.
നാലുവരി പാത, ഗെയില്‍പദ്ധതി, വിമാനത്താവളങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കും ഇതില്‍ നിന്ന് പണം കണ്ടെത്തും. കെ.എസ്.ഡി.പിയുടെ കീഴില്‍ പൊതുമേഖലയില്‍ മരുന്നു നിര്‍മ്മാണ കമ്പനി തുടങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും വരും വര്‍ഷം റവന്യൂ കമ്മി 20,000 കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം കോടി രൂപ നിക്ഷേപമിറക്കാനായാല് മാത്രമേ സംസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനാകൂ എന്നും തോമസ് ഐസക് പറഞ്ഞു.
പ്രതിസന്ധിക്ക് കാരണം നികുതി വരുമാനത്തിലുണ്ടായ ഇടിവാണ്. നികുതി പിരിവില്‍ കെടുകാര്യസ്ഥതയും അഴിമതിയും പ്രകടമാണ്. നികുതി പിരിവ് കാര്യക്ഷമമായിരുന്നില്ല. മൊത്തം 24,000 കോടി രൂപ പിരിക്കാന്‍ കഴിഞ്ഞില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി.