ദിലീപും മഞ്ജുവുമായുളള പ്രശ്നങ്ങള്‍ക്ക് കാരണമായത് ആക്രമിക്കപ്പെട്ട നടി; നടി ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്ത് പറയുമെന്നും കാവ്യയുടെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന്റെ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്ത് പറയുമെന്ന് കാവ്യ മൊഴിയില്‍ പറയുന്നു. ദിലീപും മഞ്ജുവുമായുളള പ്രശ്നങ്ങള്‍ക്ക് നടിയും കാരണമായി. ‘അമ്മ’ റിഹേഴ്സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു.
നടി ബിന്ദു പണിക്കര്‍ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ദിലീപിന്റെ പരാതിപ്രകാരം നടന് സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്കി. താനും ദിലീപും നൃത്തം ചെയ്യുന്ന ഫോട്ടോ മഞ്ജുവിന് അയച്ചുകൊടുത്തു. നടി ആക്രമിക്കപ്പെട്ട വിവിരം അറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. പള്‍സര്‍ സുനിയെ തനിക്കറിയില്ല. വീട്ടില്‍ വന്നിട്ടുണ്ടോയെന്നും അറിയില്ല. പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’ ഷോപ്പില്‍ വന്ന് ഡ്രൈവര്‍ സുനീറിനോട് തന്റെ അച്ഛന്റെയോ അമ്മയുടെയോ നമ്പര്‍ ആവശ്യപ്പെട്ടു.
ദിലീപ് ആക്രമണവിവരം അറിഞ്ഞത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. രാത്രി ആന്റോ ദിലീപിനെ വിളിച്ചിരുന്നു.പിറ്റേന്ന് രാവിലെയാണ് ദിലീപ് തിരിച്ചുവിളിച്ചത്. തുടര്‍ന്ന് നടിയെ വിളിച്ചു. അവരുടെ അമ്മയുമായാണ് സംസാരിച്ചത്. പിന്നീട് റിമി ടോമിയും ആക്രമണവിവരം വിളിച്ചുപറഞ്ഞു. മഞ്ജു വാരിയര്‍ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണെന്നും കാവ്യ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവര്‍ നല്കിയ മൊഴിയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദിലീപും കാവ്യാ മാധവനും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു മൊഴി നല്‍കിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
നടന് സിദ്ധിഖിന്റെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്. സിനിമയിലെ നിരവധി അവസരങ്ങള്‍ ദിലീപിന്റെ ഇടപെടല്‍ മൂലം തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് ഭാവന തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ദിലീപ് അങ്ങനെ ഇടപെട്ടതുകൊണ്ട് ഭാവനയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്നും സിദ്ധിഖിന്റെ മൊഴിയില്‍ പറയുന്നു.
മഞ്ജു വാര്യരുടെ മൊഴിയുടെ പൂര്‍ണരൂപം
ഞാന്‍ 2016-2017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന് ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായി ഞാന്‍ Interact ചെയ്തിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ഭാവന എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു. അതിനെ തുടര്‍ന്ന് ഭാവന അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് ഭാവന പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി ബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ഭാവനയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ ദാസും കൂടി ഭാവനയുടെ വീട്ടില്‍ പോയിരുന്നു. ഭാവനയുടെ വീട്ടില്‍ വെച്ച് അവളുടെ അച്ഛന് അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു എന്നും മറ്റും വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് ഭാവന എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.
സംയുക്താ വര്‍മയുടെ മൊഴിയുടെ പൂര്‍ണരൂപം
ഞാന്‍ ഫിലിം ആര്‍ട്ടിസ്റ്റ്. 15 വര്‍ഷമായി ഞാന്‍ അഭിനയരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. ഞാനും ഫിലിം ആര്‍ട്ടിസ്റ്റുകളായ ഭാവന, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഭാവന തൃശൂരില്‍ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും ഭാവനയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്. ഉദ്ദേശം നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ചു. മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ഭാവനയുടെ വീട്ടിലേക്ക് പോയി. ഭാവനയുടെ അച്ഛനും അമ്മയും ഭാവനയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഭാവനയുടെ അച്ഛന് അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് ഭാവനയ്ക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നുവെന്നാണ് ഭാവന പറഞ്ഞത്.