ആറാം തവണയും ഗുജറാത്തില്‍ ബിജെപി; നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്; ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
ന്യൂഡല്‍ഹി: ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയും ബിജെപി അധികാരത്തിലേക്ക്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിമാചല്‍ പ്രദേശിലും ബിജെപി ഭരണമുറപ്പിച്ചു.
വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 107 സീറ്റില്‍ ബിജെപിയും 73 സീറ്റില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.
ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് രൂപാണി രാജ്കോട്ട് വെസ്റ്റില്‍ വിജയിച്ചത് ബിജെപിക്ക് ആശ്വാസമായി. ഇടയ്ക്ക് അപ്രതീക്ഷിത ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നോക്കം പോയി. എന്നാല്‍ രാഷ്ട്രീയപരമായി വന്‍ നേട്ടമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് കൈവരിച്ചിരിക്കുന്നത്. കടുത്ത മല്‍സരം കാഴ്ച്ച വെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ ജന്‍ വികല്പ് മോര്‍ച്ച മൂന്നിടത്തും ലീഡ് ചെയ്യുകയാണ്.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബിജെപി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുന്‍തൂക്കം നേടിക്കഴിഞ്ഞു. തുടക്കത്തില്‍ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്.
ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്. ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. സംസ്ഥാനത്തു നടത്തിയ ഒന്‍പത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കു വിജയം പ്രവചിക്കുന്നു.
കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളെ മാറിമാറി വരിക്കുന്ന സ്വഭാവം ഹിമാചല്‍ പ്രദേശ് നിലനിര്‍ത്തുമെന്ന് വ്യക്തമായ സൂചന നല്‍കിയാണ് ഇവിടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. നിലവില്‍ ഹിമാചല്‍ ഭരിക്കുന്ന കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആകെയുള്ള 68 സീറ്റുകളില്‍ 42 ഇടത്ത് ബിജെപി ലീഡ് ചെയ്യുകയാണ്. 23 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
ഹിമാചലില്‍ 68 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്കുന്ന സൂചന.