മോദി സര്‍ക്കാരിന്റെ ഭരണം ഇന്ത്യയെ പിന്നോട്ട് അടിക്കുന്നു; എതിര്‍ക്കാനുള്ള അവകാശം പൗരന്മാര്ക്ക് നഷ്ടമായി; കാലുഷ്യത്തിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടുമെന്ന് രാഹുല്‍ ഗാന്ധി
മോദി സര്‍ക്കാരിന്റെ ഭരണം ഇന്ത്യയെ പിന്നോട്ട് അടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള പ്രസംഗത്തിലാണ് രാഹുല്‍ മോദിയെയും ബിജെപിയെയും വിമര്‍ശിച്ചത്. എതിര്‍ക്കാനുള്ള അവകാശം പൗരന്മാര്ക്ക് നഷ്ടമായെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങളെ അടിച്ചമര്‍ത്താന്‍ രാഷ്ട്രീയം ഉപയോഗിക്കുന്നു. ഭക്ഷണത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ചരിത്രത്തെയും, വർത്തമാനത്തെയും, ഭാവിയെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത രാഹുൽ, രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് നയിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും വിമർശിച്ചു. ഈ രാജ്യത്തിലും ഇവിടുത്തെ ജനങ്ങളിലുമുള്ള വിശ്വാസമാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്നും രാഹുൽ വ്യക്തമാക്കി.
ഒറ്റയ്ക്ക് പോരാടാൻ സാധിക്കാത്തവർക്കൊപ്പം ചേർന്നാണ് നമ്മുടെ പോരാട്ടം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകത അതായിരുന്നു. അത് നാം ഇന്നും നിലനിർത്തുന്നു. ബിജെപിക്കാർ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു. നാം അത് അനുവദിക്കുന്നു. അവർ നമ്മെ അപമാനിക്കുന്നു, നാം അവരെ ബഹുമാനിക്കുന്നു. ജനങ്ങളുടെ കവചമാണ് നാം. 13 വർഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ നിങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. എല്ലാ പാഠങ്ങൾക്കും നന്ദി. ഏറ്റവും വിനയത്തോടെയാണ് ഈ സ്ഥാനം ഞാൻ ഏറ്റെടുക്കുന്നത്. ഒരുപാട് മഹാൻമാർ നടന്ന പാതയിലൂടെയാണ് ഞാൻ നടക്കുന്നതെന്ന ഓർമ എല്ലാ സമയത്തും എനിക്കൊപ്പമുണ്ടാകും.
അതേസമയം പുതിയ കാലത്തിന്റെ തുടക്കമാണെന്ന് സോണിയാഗാന്ധി പറഞ്ഞു. പല നിയമനിര്‍മ്മാണത്തിന്റെയും ഭാഗമായതില്‍ സന്തോഷമുണ്ട്. മാറ്റത്തിന് വഴി തെളിയിക്കാന്‍ രാഹുലിന് കഴിയുമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ സോണിയ പറഞ്ഞു. പ്രസംഗത്തില്‍ ബിജെപിക്കെതിരെയും സോണിയ സംസാരിച്ചു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഭീഷണി നേരിടുന്നുവെന്ന് സോണിയ പറഞ്ഞു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരും. ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്നും സോണിയ വ്യക്തമാക്കി.
എഐസിസി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു തലമുറമാറ്റം. തെരഞ്ഞെടുപ്പ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിന് കൈമാറിയതോടെയാണ് രാഹുൽ ഔദ്യോഗികമായി അധ്യക്ഷപദമേറ്റത്.അഭിപ്രായ ഭിന്നതകള്‍ക്കും കനത്ത പരാജയങ്ങള്‍ക്കുമിടയിലും പാര്‍ട്ടിയെ ദീഘനാള്‍ നയിച്ചതിന്റെ റെക്കോര്‍ഡുമായാണ് സോണിയാ ഗാന്ധി മകന് രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ പദവി കൈമാറിയത്. കോണ്‍ഗ്രസിന്റെ പതിനേഴാമത് പ്രസിഡന്റാണ് 47കാരനായ രാഹുല്‍ ഗാന്ധി.
രാഹുലിനെ കോൺഗ്രസ് അധ്യക്ഷപദത്തിലേക്കു സ്വാഗതം ചെയ്യാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ പ്രമുഖരുടെ നിരയാണ് എഐസിസി ആസ്ഥാനത്തെത്തിയത്. അസുഖത്തെത്തുടർന്നു വിശ്രമിക്കുന്ന എ.കെ. ആന്റണി എത്തിയില്ല. ഇത് ചരിത്രപരമായ നിമിഷമെന്ന് പറഞ്ഞുകൊണ്ടാണ് മുല്ലപ്പള്ളി പ്രസംഗം ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ 17ാമത് അധ്യക്ഷനാണ് രാഹുലെന്ന് മുല്ലപ്പള്ളി അറിയിച്ചു.