മോദിയുടെ പാക്ക് പരാമര്‍ശം: പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം; രാജ്യസഭ സ്തംഭിച്ചു
ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാകിസ്താനുമായി കൂടിക്കാഴ്ച നടത്തിയെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ഉച്ചയ്ക്ക് രണ്ടര വരെ നിര്‍ത്തിവച്ചിരുന്നു സഭ പുനഃരാരംഭിച്ചപ്പോഴും കോണ്‍ഗ്രസ് പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തി. പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്മോഹന് സിങ് പദ്ധതിയിട്ടുവെന്ന ആരോപണം പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതു തള്ളിയതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. മോദിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും തങ്ങള്‍ നല്കിയ നോട്ടീസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ശരിയായില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.
ജനതാദള്‍(യു) നേതാവ് ശരത് യാദവിനും അലി അന്‍വര്‍ അന്‍സാരിക്കും അയോഗ്യത കല്പിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. കോണ്‍ഗ്രസും ആര്‍ജെഡിയുമൊത്തുള്ള ബന്ധം ഉപേക്ഷിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിനെയാണ് അയോഗ്യനാക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
രാജ്യസഭയുടെ 10 മുന്‍ അംഗങ്ങളുടെ വിയോഗത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ശീതകാല സമ്മേളനത്തിനു തുടക്കം കുറിച്ചത്. ശേഷം പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി സഭയ്ക്കു പരിചയപ്പെടുത്തി. ശൂന്യവേളയിലാണ് എസ്പിയുടെ നരേഷ് അഗര്‍വാള്‍ ശരത് യാദവിന്റെ അയോഗ്യതാ വിഷയം മുന്നോട്ടുവച്ചത്. ഇക്കാര്യം പരിഗണിക്കാനാകില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചതോടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നു.
തമിഴ്നാട്ടിലെ ഓഖി ചുഴലിക്കാറ്റ് വിഷയം അവതരിപ്പിക്കാന്‍ അണ്ണാഡിഎംകെയുടെ നവനീത് കൃഷ്ണന് അധ്യക്ഷന്‍ അനുമതി നല്‍കിയതോടെ സഭ ബഹളമയമാവുകയായിരുന്നു. തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളോട് ‘ആദ്യ ദിവസം തന്നെ ഇത് വേണോ?’ എന്നു ചോദിച്ച് വിമര്‍ശിച്ച അധ്യക്ഷന്‍ സഭ താത്കാലികമായി നിര്‍ത്തിവച്ചു.
20 മിനിറ്റു നേരം സഭ നിര്‍ത്തി വച്ച് വീണ്ടും ചേര്‍ന്നെങ്കിലും മോദിയുടെ പാക്ക് പരാമര്‍ശം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കി. പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദാണ് പ്രശ്നം സഭയ്ക്കു മുന്നില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ 2.30 വരെ സഭ നിര്‍ത്തിവച്ചു. പിന്നീട് ചേര്‍ന്നപ്പോഴും ബഹളമായതോടെ സഭ പിരിഞ്ഞു.
ദേഹവിയോഗം സംഭവിച്ച മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോക്സഭ രാവിലെ പിരിഞ്ഞിരുന്നു. ഇനി തിങ്കളാഴ്ച ചേരും.