സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി; ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിരുന്നില്ല; കേന്ദ്രദുരന്ത നിവാരണ അതോറിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചു
തിരുവനന്തപുരം: സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടിൽ ആദ്യമായിട്ടാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിനെ കുറിച്ച് നവംബർ 28ന് പ്രത്യേക മുന്നറിയിപ്പ് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഈ–മെയിൽ വഴിയോ ഫോൺ വഴിയോ മുന്നറിയിപ്പു ലഭിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ മാത്രമാണ് കടലില്‍ പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്.
30ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് വിവരം ലഭിച്ചു. ന്യൂനമര്‍ദം തീവ്രമാകുമെന്ന വിവരമാണ് ലഭിച്ചത്. ആ ഘട്ടത്തിലും ചുഴലിക്കാറ്റിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. 30ന് ഉച്ചയ്ക്ക് ശേഷമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭ്യമായത്. മാനദണ്ഡം അനുസരിച്ച് 12 മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കേണ്ടതാണ്. ഓഖിയുടെ കാര്യത്തില്‍ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നറിയിപ്പു കിട്ടിയതിനുശേഷം ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല. ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ചയില്ല, കേന്ദ്രമന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ നൽകും. അപകടത്തിൽ പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി.
ബോട്ടും വലയും നഷ്ടപ്പെട്ടവർക്ക് തത്തുല്യ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ ഇരയായവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. കണ്ടെത്താനാവാത്ത തൊഴിലാളികളുടെ കുടുംബത്തിന് സഹായത്തിന് പ്രത്യേക സമിതി രൂപീകരിക്കും. മൽസ്യത്തൊഴിലാളികള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷൻ ലഭ്യമാക്കും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരാഴ്ചക്കാലത്തേക്ക് പ്രത്യേക ആശ്വാസം. മുതിർന്നവർക്ക് ദിവസേന 60 രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രവും സംസ്ഥാനവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മുന്നറിയിപ്പു ലഭിക്കുന്നതിനു മുൻപേ മൽസ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു. നേവിയും കോസ്റ്റ് ഗാർഡും വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
കേരളത്തോടു ചേർന്നു കിടക്കുന്ന ലക്ഷദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കും. മറ്റു സംസ്ഥാനങ്ങളിലെത്തിയവരെ തിരിച്ചെത്തിക്കാൻ സഹായം ലഭ്യമാക്കും. ആഴക്കടലിൽ ഇത്ര സാഹസികമായ രക്ഷാദൗത്യം ഇതാദ്യമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കും. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രതിരോധ സേനകൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാർ നന്ദി അറിയിക്കുന്നതായും പിണറായി പറഞ്ഞു.
അതേസമയം ഓഖി ദുരന്തത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമഗ്ര ദുരിതാശ്വാസ പാക്കേജ് മന്ത്രിസഭായോഗം അംഗീകരിച്ചു. ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളും തുടർന്ന് സ്വീകരിക്കേണ്ട നടപടികളും ഉൾപ്പെടുത്തിയുള്ളതാണ് പാക്കേജ്. ചീഫ് സെക്രട്ടറിക്കായിരിക്കും പാക്കേജ് നടപ്പാക്കുന്നതിന്റെ ചുമതല. പുനരധിവാസം, മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസം എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റവന്യൂ, മത്സ്യബന്ധന വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ പാക്കേജ് മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് അംഗീകാരം നൽകുകയായിരുന്നു. ഇതോടൊപ്പം രണ്ടു വകുപ്പുകളും വെവ്വേറെ റിപ്പോർട്ടുകളും സമർപ്പിച്ചു.
ധനസഹായം അടിയന്തരമായി വിതരണം ചെയ്യാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ നേരത്തേ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സയും നല്‍കുന്നുണ്ട്. ബോട്ടുകളും മറ്റ് മത്സ്യബന്ധനോപകരണങ്ങളും ഉൾപ്പെടെ മൊത്തം നഷ്ടം കണക്കാക്കി വരുന്നതേ ഉള്ളതിനാൽ തന്നെ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീടേ ഉണ്ടാവുകയുള്ളൂ.
അതേസമയം ചുഴലിക്കാറ്റില്‍പെട്ട ബോട്ടില്‍ ഒഴുകി നടന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി. ലക്ഷദ്വീപില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാവികസേന ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ തീരത്ത് എത്തിച്ചിട്ടുണ്ട്. ഇതോടെ നാവിക വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി.
തെരച്ചില്‍ ഏഴാം ദിവസവും തുടരുകയാണ്. കേരള,ലക്ഷദ്വീപ് തീദീരത്ത് 35 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ തിരച്ചില്‍ നടത്തി വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നാവിക സേനയുടെ 12 ബോട്ടുകളാണ് ഉള്ളത്. നേവിയുടെ തിരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റില്‍ ഇതുവരെ 36 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
ലക്ഷദ്വീപിലെ ബിത്രയില്‍ ഇന്നലെ കണ്ടെത്തിയ 72 മല്‍സ്യത്തൊഴിലാളികളെ നാവിക സേന അടുത്ത ദിവസം കേരളതീരത്ത് എത്തിക്കും. സര്‍ക്കാര്‍ കണക്കിനേക്കാള്‍ ഏറെ കൂടുതലാണ് ലത്തീന്‍ സഭ പുറത്തുവിട്ട കണക്ക്. കാണാതായവരെക്കുറിച്ച് സര്‍ക്കാര്‍ പക്കല്‍ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴുമില്ലെന്നതാണ് പ്രധാന ആരോപണം.