ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ല; ദുരന്തനിവാരണ നടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: എംഎം ഹസന്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വരുത്തിവെച്ച ദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശരിയായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്.സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഏകോപനം ഇല്ലായ്മയാണ് പ്രധാനപ്രശ്നം. ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ടും അടിയന്തര മന്ത്രിസഭ ചേര്‍ന്നിട്ടില്ല. മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയില്ല. റവന്യു മന്ത്രിയെ കാണാന്‍ പോലുമില്ല. കൃത്യമായ നിര്‍ദേശം ലഭിക്കാതെ ഉദ്യോഗസ്ഥരും വലയുന്നു. മുഖ്യമന്ത്രി ഇതുവരെ തൊട്ടടുത്തു കിടക്കുന്ന സംഭവസ്ഥലം പോലും സന്ദര്‍ശിച്ചിട്ടില്ല. വിലപ്പെട്ട സമയവും വിലപ്പെട്ട ജീവനുകളും നഷ്ടപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് ഹസന് ആവശ്യപ്പെട്ടു.
2004 ല്‍ സുനാമി ദുരന്തം ഉണ്ടായപ്പോള്‍ അന്ന് ഓരോ ദിവസവും മന്ത്രിസഭാ യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ യുഡിഎഫ് സര്‍ക്കാര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്നതിനെ അന്ന് എല്ലാവരും പ്രശംസിച്ചിരുന്നു.
29 ന് ചീഫ് സെക്രട്ടറിക്ക് കാലാവസ്ഥാ വകുപ്പില്‍ നിന്നും ലഭിച്ച സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടും അതിന്മേല് അടയിരുന്ന അന്ന് മുതല്‍ സര്‍ക്കാരിന്റെ വീഴ്ച ആരംഭിച്ചതാണ്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തോടെ എടുക്കുകയും മത്സ്യബന്ധനതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രയും വഷളാകുകയില്ലായിരുന്നു. 30 ന് ഉച്ചകഴിഞ്ഞാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അന്ന് രാവിലെ തന്നെ മത്സ്യതൊഴിലാളികള്‍ കടലിലേക്ക് പോയികഴിഞ്ഞിരുന്നു. സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യതൊഴിലാളികള്‍ കടലില്‍ പോയത് കൊണ്ടാണ് ദുരന്തം ഉണ്ടായതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ന്യായീകരിക്കുന്നത്. ആര്, എപ്പോള്‍ മുന്നറിയിപ്പ് നല്‍കിയെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഹസന് ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും ഞാനും സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അലമുറയിട്ട് നിലവിളിക്കുന്ന സ്ത്രീകളെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. തിരുവനന്തപുരത്തുകാരുടെ സ്വഭാവശൈലിയാണ് അതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇതിനെ ന്യായീകരിച്ചത്. സ്വന്തക്കാരെ നഷ്ടമാകുകയും ഒരു വിവരവുമില്ലാതാകുകയും ചെയ്യുമ്പോള്‍ എവിടെയുള്ള സ്ത്രീകളും ഇങ്ങനെയൊക്കെയേ പെരുമാറുകയുള്ളു. മത്സ്യബന്ധനത്തിന് പോകുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം ഉണ്ടാകണം. അവരുടെ ബോട്ടുകളില്‍ വയര്‍ലസ് സംവിധാനം ഉള്‍പ്പെടുത്തണമെന്നും ഹസന് ആവശ്യപ്പെട്ടു.
കേരളത്തിന്റെ തൊട്ടടുത്ത് കിടക്കുന്ന ലക്ഷദ്വീപിനെ സഹായിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. ചുഴലിക്കാറ്റ് വന്‍നാശം വിതയ്ക്കുന്ന അവിടേക്ക് കേരളത്തില്‍ നിന്നോ കേന്ദ്രത്തില്‍ നിന്നോ ഒരു സഹായവും ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഇതിനെ കുറിച്ച് ചിന്തിക്കുന്നതുപോലും ഇല്ലെന്നും ഹസന് പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൂര്‍ണ്ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍ അത് പിരിച്ചുവിട്ട് ഉടച്ചുവാര്‍ക്കണം. സുനാമിയാണെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് നടപടിയെടുക്കാന്‍ പറ്റൂയെന്നാണ് അവര്‍ പറുന്നത്. സ്വയം തീരുമാനമെടുത്ത് നടപടിയെടുക്കാന്‍ പറ്റുന്ന രീതിയിലേക്ക് അതോറിറ്റിയെ മാറ്റണമെന്ന് ഹസന് ചൂണ്ടിക്കാട്ടി.
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായം ഉടനടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇനിയൊരു ജീവന്‍പ്പോലും നഷ്ടപ്പെടാതിരിക്കാനും ദുരിതാശ്വാസ സംവിധാനങ്ങള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.