വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന ചുഴലിക്കാറ്റിലും മഴയിലും വൈദ്യുതിവിതരണത്തിലുണ്ടായ നാശനഷ്ടങ്ങളും കെടുതികളും അവലോകനം ചെയ്യാന്‍ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
മറ്റുസ്ഥലങ്ങളില്‍ നിന്നും ജീവനക്കാരെയും കരാര്‍ പണിക്കാരെയും ജോലിയില്‍ പ്രാവീണ്യമുള്ളവരെയും കൂടുതലായി ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ സാമ്പത്തികം പ്രത്യേകമായി അനുവദിച്ചും എത്രയും പെട്ടെന്ന് വൈദ്യുതിവിതരണനില പുന:സ്ഥാപിക്കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ഏകദേശം അഞ്ഞൂറോളം 11 കെവി പോസ്റ്റുകളും രണ്ടായിരത്തോളം മറ്റു പോസ്റ്റുകളും നശിച്ചിട്ടുണ്ട്.
കൂടാതെ 150 സ്ഥലങ്ങളില്‍ 11 കെവി ലൈനുകളും 1,300 സ്ഥലങ്ങളില്‍ എല്‍ടി ലൈനുകളും പൊട്ടിവീണ് വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്.
ആകെ അഞ്ച് കോടി രൂപയുടെ നഷ്ടം ഇതുമൂലം ബോര്‍ഡിന് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ഉപഭോക്താക്കളെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാനും വൈദ്യുതി പുന:സ്ഥാപന ജോലികളുടെ പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കാനും സര്‍ക്കിള്‍ ഓഫീസുകളില്‍ കണ്ട്രോള് റൂം സംവിധാനം ഏര്‍പ്പെടുത്താനും പ്രദേശികമായി മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ അറിയിക്കാനുമുള്ള നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.