അടുത്ത തിരഞ്ഞെടുപ്പിന് ഒന്നിച്ചുപോകണ്ടേ?; സിപിഐയോട് എംഎം മണി
തൊടുപുഴ: സി.പി.ഐ.ക്കെതിരേ വീണ്ടും രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം.മണി. തൊടുപുഴയില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന കൃഷ്ണപിള്ള അനുസ്മരണവേദിയിലാണ് എം.എം.മണി തുറന്നടിച്ചത്.
‘ശിവരാമന് പറയുന്നു, ഞാന്‍ കൈയേറ്റക്കാരുടെ മിശിഹായാണെന്ന്. ശരിയാ, ശിവരാമനവിടെ ആളുണ്ടോ. ഇവിടെ തട്ടക്കുഴയിലാ പൊറുതി. ഞങ്ങടെയെല്ലാരും മലയോരജനതയാ, കുടിയേറ്റജനതയാ. അവര്‍ക്കെതിരേ വരുന്നത് എതിര്‍ക്കേണ്ട ബാധ്യതയുണ്ട്. എന്തെല്ലാമാണേലും അവിടെ ബിജിമോളും ജയിക്കുന്നത് അങ്ങനെ എതിര്ക്കുന്നതുകൊണ്ടാ.’
‘ഞാനെന്തോ പറഞ്ഞെന്നു പറഞ്ഞ് മാപ്പുപറയണമെന്ന്. മാപ്പുപറയില്ല. ശിവരാമന് കൈക്കൂലി മേടിച്ചെന്നു പറഞ്ഞിട്ടില്ല. മഹാനായ കൃഷ്ണപിള്ളയുടെപേരില് നടക്കുന്ന മുന്നണിപരിപാടിയില് എന്നെ തെറിവിളിക്കുകയാ. ചുമ്മാ ചീത്തവിളിച്ചാല്‍ നാടുമുഴുവന്‍ ഞങ്ങള്‍ക്കും ചീത്തപറയേണ്ടിവരും. വേണോ… വേണ്ട… ശിവരാമാ, വേണ്ട… അടുത്ത തിരഞ്ഞെടുപ്പിന് ഒന്നിച്ചുപോകണ്ടേ.’ മണിയുടെ വാക്കുകളിങ്ങനെ.
ജോയ്സ് ജോര്‍ജിന്റെയും തോമസ് ചാണ്ടിയുടെയും കാര്യത്തില്‍ നടന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ പുതിയ കളക്ടറെ റവന്യൂമന്ത്രി അന്വേഷണത്തിന് ഏല്പിച്ചു. കളക്ടര്‍ അന്വേഷിച്ചത് നിയമവിരുദ്ധമാണെന്ന് ഇപ്പോള്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്. ശരിക്കും തോമസ് ചാണ്ടിയുടെ വാചകമടിയാണു പ്രശ്നമുണ്ടാക്കിയത്. പ്രശ്നങ്ങളെ തോട്ടിയിട്ടു പിടിക്കുകയാണു ചെയ്തത്.
കാബിനറ്റില്‍നിന്ന് സി.പി.ഐ.മന്ത്രിമാര്‍ വിട്ടുനിന്നത് മര്യാദകേടാണ്. അതു പറയും. അതിനുള്ള സ്വാതന്ത്ര്യം സി.പി.ഐ.എമ്മിനുണ്ട്. മാധ്യമപ്രവര്‍ത്തകരെ തടഞ്ഞെന്ന ആരോപണത്തില്‍ ആനയുമമ്പാരിയുമായി പ്രതിഷേധത്തിനിറങ്ങുന്നതിനു മുമ്പ് കാനത്തിനു മുഖ്യമന്ത്രിയെ വിളിച്ചു ചോദിക്കാമായിരുന്നു.
കൊട്ടാക്കമ്പൂരില്‍ പട്ടികയിലെ 35ാംപേരുകാരനായ ജോയ്സ് ജോര്‍ജിനെതിരേയാണ് ആദ്യം നടപടി. ഇതു മര്യാദകേടാണ്. തോക്കുന്ന സീറ്റില്നിന്ന സി.ദിവാകരനും തോല്‍വിയുടെ വക്കില്‍നിന്ന ബിജിമോളും ജയിച്ചത് സി.പി.ഐ.എമ്മുകാര്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണെന്ന് ഓര്‍ക്കണമെന്നും മണി പറഞ്ഞു.