പാക്കിസ്ഥാന് കത്തുന്നു . . നിരവധി പേര് കൊല്ലപ്പെട്ടു, സൈന്യം ഭരണം പിടിച്ചേക്കും
ലാഹോര്‍: കലാപ കേന്ദ്രമായി പാക്കിസ്ഥാന് . . തെരുവുകളില്‍ ആക്രമണം പടര്‍ന്നതോടെ ഏത് നിമിഷവും പട്ടാളം അധികാരം പിടിച്ചെടുക്കുമെന്ന അവസ്ഥയാണ് നിലവില്‍.
തലസ്ഥാനമായ ഇസ്ലാമാബാദിലടക്കം രാജ്യത്തെ പല ഭാഗങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
നിരവധി പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം.
ഇരുന്നൂറിലധികം പേര് പരിക്കേറ്റ് അശുപത്രിയില്‍ ചികിത്സയിലാണ്.
സര്‍ക്കാറിനെതിരെ തുടരുന്ന പ്രതിഷേധമാണ് കലാപത്തിന്റെ അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുന്നത്.
കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ പൊലീസിനൊപ്പം സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണു കലാപത്തിലെത്തിയത്.
അനുകൂല സാഹചര്യം മുന്‍നിര്‍ത്തി അധികാരം പിടിച്ചെടുക്കാനാണ് പാക്ക് പട്ടാളത്തിന്റെ ശ്രമമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കലാപത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതു മതവികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നു ആരോപിച്ച് സ്വകാര്യചാനലുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്വിറ്ററിനും ഫെയ്സ്ബുക്കിനും നിരോധനം ബാധകമാണ്. ഇതിനാല്‍ എന്താണിപ്പോള്‍ പാക്കിസ്ഥാനില്‍ നടക്കുന്നതെന്ന പൂര്‍ണ വിവരം അറിയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കലാപം ലാഹോറിലേക്കും കറാച്ചിയിലേക്കും വ്യാപിക്കുകയാണ്. ടിയര്‍ ഗ്യാസ് ഷെല്ലുകളും കല്ലുകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞാണു കലാപകാരികള്‍ പൊലീസ് നടപടിയെ ചെറുക്കുന്നത്. തെഹ്രികെ ലെബെയ്ക് എന്ന തീവ്ര മത രാഷ്ട്രീയപാര്‍ട്ടിയാണു പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്.
തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാവാചകത്തിലുണ്ടായത് എഴുത്തുപിശക് മാത്രമായിരുന്നുവെന്നു നിയമമന്ത്രി വിശദീകരിച്ചെങ്കിലും പ്രതിഷേധത്തിന് അയവുവന്നിട്ടില്ല.
നിയമമന്ത്രി സഹീദ് ഹമീദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഈമാസം ആറിനാണ് ഉപരോധം തുടങ്ങിയത്.
ഷഹ്ദാരയില്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ച പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കു തീയിട്ടു. നൂറുകണക്കിനു പ്രതിഷേധക്കാര്‍ വളഞ്ഞതിനെത്തുടര്‍ന്ന് പൊലീസുകാര്‍ സ്റ്റേഷനകത്ത് കുടുങ്ങിയിരിക്കുകയാണ്.
നിരവധി പൊലീസുകാര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ലഹോര്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ലാഹോറിലേക്കുള്ള എല്ലാ റോഡുകളിലും റെയില്‍വേ ലൈനുകളിലും പ്രതിഷേധക്കാര്‍ ഉപരോധം തുടരുകയാണ്. ലാഹോറിലെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായി പൊലീസ് അറിയിച്ചു. വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. റോഡുമാര്‍ഗം യാത്ര ഒഴിവാക്കണമെന്നു ഷെരീഫിനോടും ബന്ധുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.