കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തിൽ വീണ്ടും കൊയ്ത്തുപാട്ട്
കട്ടമുടി: കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തിൽ ആദ്യഘട്ട കൊയ്ത്തുൽസവം നടത്തി.കഴിഞ്ഞവർഷം അഞ്ച് കർഷകർ അഞ്ചേക്കറിൽ താഴെയായിരുന്നു കൃഷി ചെയ്തത്. എന്നാൽ ഈ വർഷം മൂന്ന് കുടുംബശ്രീ യൂണിറ്റുകളും 17 കർഷകരും 14.4 ഏക്കറിലാണ് നെൽകൃഷി നടത്തിയത്.ഇനിയും തരിശു കിടക്കുന്നയിടം കൂടി കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
അടിമാലി പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട മുതുവാൻ വിഭാഗം മാത്രമുള്ള പ്രദേശമാണ് കട്ടമുടി കുഞ്ചിപെട്ടി.വനത്താൽ ചുറ്റപ്പെട്ട ഇവിടെ 20 ഏക്കർ പാടമാണുള്ളത്. വർഷങ്ങളായി തരിശു കിടന്ന ഭൂമിയിൽ നാലു വർഷങ്ങൾക്കു മുമ്പ് യു എൻ ഡി പി പദ്ധതിയിലൂടെയാണ് വീണ്ടും കൃഷി തുടങ്ങിയത്.ആ പദ്ധതി അവസാനിച്ചു.ഹരിത കേരളം മിഷനാണ് ഇപ്പോൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കുടിയിലെ നെൽകൃഷി നടത്തുന്നത്.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സലിം അലി ഫൗണ്ടേഷൻ, കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ്, കൃഷി വിജ്ഞാൻ കേന്ദ്ര, പട്ടികവർഗ്ഗ വികസന വകുപ്പ്, അടിമാലി പഞ്ചായത്ത്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷൻ തുടങ്ങിയവരെ കൂട്ടുചേർത്താണ് പദ്ധതി മുന്നോട്ടു പോകുന്നത്.
കൊയ്ത്തുൽസവം അഡ്വ. എ. രാജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർഡോ. അജയ് പി. കൃഷ്ണ, കൃഷി ഓഫീസർ എം .എ. സിജി , എ. ഡി .എ. പ്രിയ പീറ്റർ, സലിം അലി ഫൗണ്ടേഷൻ ഡയറക്ടർ ലളിത വിജയൻ, കെ .വി. കെ. ഫീൽഡ് ഓഫീസർ ആഷിബ, മുതുവാൻ സമുദായ സംഘടനാ സംസ്ഥാന പ്രസിഡന്റ് പാൽരാജ്, പാടശേഖരസമിതി പ്രസിഡന്റ് ജയേഷ് വനരാജൻ തുടങ്ങിയവർ സംബന്ധിച്ചു.