കൊച്ചി∙ സർക്കാരിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങൾ രൂക്ഷമായതിന്റെ കെറുവ് മാധ്യമങ്ങളോട് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം–സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചപ്പോഴാണ്, ‘മാറി നിൽക്ക്’ എന്നു പറഞ്ഞ് രോഷം പ്രകടിപ്പിച്ചത്.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം, സിപിഐ തർക്കം, കഴിഞ്ഞദിവസം നേതൃത്വങ്ങളുടെ പരസ്യ പ്രതികരണങ്ങളിലൂടെ മുറുകിയിരുന്നു. ഇതിനൊപ്പം ഇരുപാർട്ടികളും മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയും ആരോപണ പ്രത്യാരോപണങ്ങളും ന്യായീകരണവുമായി നിലയിറുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന സാഹചര്യത്തിൽ, കൊച്ചിയിൽ മാധ്യമങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും പൊലീസിന്റെയും വലിയ നിരയുണ്ടായിരുന്നു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയാറാകാതിരുന്ന മുഖ്യമന്ത്രി കയർത്തു സംസാരിക്കുകയായിരുന്നു. ഇതിനുപിന്നാലെ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയെല്ലാം അവിടെനിന്ന് പൊലീസ് പിടിച്ചുപുറത്താക്കി. പൊലീസുകാരോട് ദേഷ്യത്തിൽ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്ന ശേഷമാണ് മുഖ്യമന്ത്രി സമ്മേളന ഹാളിലേക്കു കയറിയത്.