അസാധാരണ നടപടി’യുടെ പ്രകമ്പനം തുടരുന്നു; കാനത്തിന് മറുപടിയായി മുഖപ്രസംഗം
കോട്ടയം ∙ തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന് ഇടതുമുന്നണിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമാകുന്നു. മന്ത്രിസഭാ യോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ‘ജനയുഗ’ത്തിൽ എഴുതിയ മുഖപ്രസംഗത്തിന് അതേമാർഗ്ഗത്തിൽ തിരിച്ചടി കൊടുത്തിരിക്കുകയാണ് സിപിഎം മുഖപത്രം ‘ദേശാഭിമാനി’. സിപിഐയുടെ നടപടികളെ വിമര്‍ശിക്കുന്ന ദേശാഭിമാനി മുഖപ്രസംഗം, തോമസ് ചാണ്ടിയെ ന്യായീകരിക്കുന്നുമുണ്ട്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന കാനത്തിന്റെ വിശദീകരണത്തിനാണ് പത്രം മറുപടി നൽകിയിരിക്കുന്നത്.
തോമസ് ചാണ്ടിക്കെതിരെ റവന്യൂമന്ത്രിക്ക് ലഭിച്ച പരാതി പരിശോധിക്കാന്‍ കലക്ടര്‍ക്ക് വിട്ടത് അസാധാരണ നടപടിയാണ്. ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൈകാര്യം ചെയ്യുകയാണു വേണ്ടത്. ആ നടപടിയല്ല ഇവിടെ സ്വീകരിച്ചത്. തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷം നടത്തിയ ഏതെങ്കിലും പ്രവൃത്തിയെക്കുറിച്ചല്ല ആക്ഷേപം ഉയര്‍ന്നുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ആരോപണങ്ങളെല്ലാം മന്ത്രി നിഷേധിക്കുക കൂടി ചെയ്തതോടെ സ്വാഭാവിക നീതി നിഷേധിക്കുന്നത് ശരിയായ നടപടി ആയിരിക്കില്ല.
മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവര്‍ത്തനശൈലിയാണ് എല്‍ഡിഎഫിന്റേത്. ഏതെങ്കിലും ഒരുകക്ഷിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ അത്തരം പ്രശ്നങ്ങള്‍ മാറ്റിവയ്ക്കുകയോ ചര്‍ച്ചയില്‍കൂടി പരിഹരിക്കുകയോ ചെയ്യുന്ന സമീപനമാണ് എല്ലായ്പ്പോഴും കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകവും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്കുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യ.
ഇതിനുമുൻപ് ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഈ പ്രശ്നത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് റവന്യൂവകുപ്പ് വഴി മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചപ്പോള്‍ അതിന്മേല് സ്വീകരിക്കേണ്ട തുടര്‍നടപടി സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് (എജി) സര്‍ക്കാര്‍ നിയമോപദേശം തേടുകയാണുണ്ടായത്. എജിയുടെ നിയമോപദേശം പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയെ നവംബര്‍ 12ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശം മന്ത്രിയും എന്‍സിപിയും തള്ളിക്കളയുന്ന സാഹചര്യമുണ്ടെങ്കിലാണ് മറ്റൊരു നടപടി സ്വീകരിക്കേണ്ടത.് എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച് എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ രാജിക്കത്ത് നല്‍കുകയാണ് ചാണ്ടി ചെയ്തത്. മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കത്തക്ക എന്ത് അസാധാരണത്വമാണ് ഇവിടെ ഉണ്ടായത്? എന്നാൽ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടിയെന്നും മുഖപ്രസംഗം വീശദീകരിക്കുന്നു.
അതേസമയം, ഹൈക്കോടതി വിധിയും മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയിലെ നിലനില്‍പ്പിന്റെ സാധുതയാണു ചോദ്യംചെയ്തതെന്നു ജനയുഗം പറയുന്നു. തോമസ് ചാണ്ടി പങ്കെടുക്കുന്നത് മന്ത്രിസഭയുടെ ജനാധിപത്യ മൂല്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണ്. ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നടപടിയിലേക്ക് സിപിഐയെ നയിച്ചത്. എല്ലാ സാധ്യതകളും പൂര്‍ണമായി പ്രയോജനപ്പെടുത്തിയശേഷവും ജനങ്ങളുടെ ന്യായമായ വികാരങ്ങളെ നിരാകരിക്കുന്നിടത്തോളം സംഭവങ്ങള്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് കര്‍ശനമായ നിലപാടുകളിലേയ്ക്ക് നീങ്ങാന്‍ സിപിഐ നിര്‍ബന്ധിതമായതെന്നും കാനം ചൂണ്ടിക്കാട്ടി.