തോമസ് ചാണ്ടിയുടെ രാജി ഇന്നില്ല; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു; രാജി അനിവാര്യമെന്ന് സൂചന; ചര്‍ച്ചയില്‍ തൃപ്തിയെന്ന് സിപിഐ
തിരുവനന്തപുരം:ഭൂമി കയ്യേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടാവില്ല. രാജിക്കാര്യം സംബന്ധിച്ച തീരുമാനം എല്‍ഡിഎഫ് മുഖ്യമന്ത്രിക്ക് വിട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം അവസാനിച്ചു. മന്ത്രിയുടെ രാജി വേണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കുന്നത് അപ്രായോഗികമാണെന്നു സിപിഐ നേതാക്കൾ അഭിപ്രായപ്പെട്ടു. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും തങ്ങളുടെ തീരുമാനം അംഗീകരിച്ചെന്ന ശരീരഭാഷയായിരുന്നു സിപിഐ നേതാക്കൾക്ക്. സിപിഐയുടെ ആവശ്യങ്ങൾ അംഗീകരിച്ചോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘ഹാപ്പിയാണ്’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
രാവിലെ ഉഭയകക്ഷി ചർച്ചയ്ക്കായി കാനം രാജേന്ദ്രൻ എകെജി സെന്ററിൽ എത്തിയിരുന്നു. മുന്നണി യോഗത്തിനുമുന്‍പു ധാരണയുണ്ടാക്കാനായിരുന്നു കാനത്തിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തിൽ ചര്‍ച്ച നടത്തിയിരുന്നു. ഹൈക്കോടതിയിലെ കേസുകളിൽ തീരുമാനം ആയതിനുശേഷം മാത്രം മതി രാജിയെന്നാണ് എൻസിപിയുടെ നിലപാട്. അതേസമയം താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഇടതു മുന്നണി യോഗത്തിനു മുമ്പു ചേർന്ന എന്‍സിപി യോഗത്തിൽ തോമസ് ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയും തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ ഒരു റിപ്പോർട്ടുമില്ലെന്നും ചാണ്ടി യോഗത്തിൽ അറിയിച്ചു.
ജനതാദള്‍ എസ് അടക്കമുള്ള പാര്‍ട്ടികള്‍ രാജി വേണമെന്ന നിലപാടിനൊപ്പം നിന്നുവെന്നാണ് സൂചന. കലളക്ടറുടെ റിപ്പോര്‍ട്ടിന് എതിരായ നീക്കത്തിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. യോഗത്തിലുണ്ടാകുന്ന പൊതു നിലപാടിനൊപ്പം നില്‍ക്കാമെന്ന് സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എസ്സും നിലപാടെടുത്തു. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാട് എന്‍സിപി ആവര്‍ത്തിച്ചു. ഇതോടെ സിപിഐ സ്വരം കടുപ്പിച്ചുവെന്നാണ് സൂചനകള്‍.
രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങളുടെ നിലപാട് പരസ്യമാക്കേണ്ടിവരുമെന്ന് സിപിഐ മുന്നറിയിപ്പ് നല്കി. ഇതോടെ രാജി വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കട്ടെ എന്ന സമവായ നിര്‍ദ്ദേശം യോഗത്തില്‍ ഉയര്‍ന്നു. ഈ നിര്‍ദ്ദേശം ഒടുവില്‍ എന്‍സിപിയും അംഗീകരിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
എന്നാല്‍ രാജിക്കാര്യം തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുന്നണി യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടെന്നാണ് വിവരം. ചൊവ്വാഴ്ച ചേരുന്ന എന്‍സിപി നേതൃയോഗം രാജിക്കാര്യം ചര്‍ച്ച ചെയ്യും. ചാണ്ടിയും എൽഡിഎഫ് യോഗത്തിൽ പങ്കെടുത്തിരുന്നു. എജിയുടെ നിയമോപദേശം തോമസ് ചാണ്ടിക്ക് എതിരായതോടെയാണു രാജിയിലേക്കു കാര്യങ്ങൾ എത്തുന്നത്. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിൽ ഇനിയും കോടതി പരാമർശങ്ങൾ ഉണ്ടാകുമെന്ന ഭയം ഇരുപാർട്ടികൾക്കുമുണ്ട്.
മാത്രമല്ല, ഹൈക്കോടതി ബുധനാഴ്ച ഹർജി പരിഗണിച്ചാലും അന്തിമ ഉത്തരവു വൈകുമെന്നതും പ്രശ്നമാണ്. ഇക്കാര്യങ്ങൾ എൻസിപിയെ ബോധ്യപ്പെടുത്തുകയാണു മുന്നണി നേതൃത്വത്തിനു മുന്നിലെ വെല്ലുവിളി. പാർട്ടിക്കു മന്ത്രിയില്ലാത്ത സാഹചര്യം ഒഴിവാക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എൻസിപി ദേശീയനേതൃത്വവും ഇതേ നിലപാടിലാണ്. തോമസ് ചാണ്ടി രാജിവച്ചാലും, കുറ്റവിമുക്തനായെത്തിയാൽ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാമെന്ന ഉറപ്പ് ലഭിക്കണം. ഇക്കാര്യം പരിഗണിക്കാമെന്ന് ഇടതുമുന്നണി ഉറപ്പു നൽകിയാൽ തോമസ് ചാണ്ടിയുടെ രാജി വൈകില്ലെന്നാണു വിലയിരുത്തൽ.