ഭാര്യയെ കൊന്നതിലല്ല, മകളെ ഓർത്ത് മാത്രമാണ് വിഷമമെന്ന് പത്മരാജൻ
കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാട്നറുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി.
ഭാര്യയെ കൊലപ്പെടുത്തിയതിൽ യാതൊരു കുറ്റബോധവുമില്ലെന്നും 14 വയസുള്ള മകളെ ഓർത്തുമാത്രമേ സങ്കടമുള്ളൂവെന്നും പ്രതിയായ പത്മരാജൻ(60) പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
കാറിലെത്തിയ ഭാര്യ അനിലയെ(44) മറ്റൊരു കാറിലെത്തിയ പ്രതി തടയുകയും കാർ ചേർത്തു നിർത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവസമയം അനിലയ്ക്കൊപ്പം ബേക്കറിയിലെ ജീവനക്കാരനായ യുവാവ് കാറിലുണ്ടായിരുന്നു.
ഡോർ തുറന്ന് രക്ഷപ്പെട്ട യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അനിലയ്ക്ക് ബേക്കറിയിലെ പാട്ണറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ ഇതിന് തയാറായിരുന്നില്ല.
കഴിഞ്ഞ ദിവസം ബേക്കറിയിൽ വെച്ച് അനീഷ് തന്നെ മർദിച്ചതായാണ് പത്മരാജന്റെ മൊഴി. അനിലയുടെ മുന്നിൽ വെച്ചായിരുന്നു മർദനം. കൺമുന്നിലിട്ട് തന്നെ അനീഷ് മർദിച്ചുവെന്നും കണ്ടു നിന്നതല്ലാതെ അനില അനീഷിനെ പിടിച്ച് മാറ്റാൻ പോലും തയാറായില്ല.
ഇത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പത്മരാജൻ പറയുന്നു. പിന്നാലെയാണ് ഇരുവരെയും കൊലപ്പെടുത്താനുള്ള പദ്ധതിയിടുന്നത്.
കാറിൽ അനിലയ്ക്കൊപ്പം അനീഷാവുമെന്ന് കരുതിയാണ് പ്രതി പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ അനിലയുടെ കാറും പത്മരാജന്റെ കാറും പൂർണമായും കത്തി നശിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി ഓട്ടോ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നു.