പടയൊരുക്കം ജാഥ നനഞ്ഞ പടക്കമായി . . കോണ്‍ഗ്രസ്സില്‍ തുടങ്ങി വലിയ പടയൊരുക്കം
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ ജാഥ പാതി വഴി പിന്നിടും മുന്‍പ് തന്നെ കോണ്‍ഗ്രസ്സില്‍ പടയൊരുക്കമായി.
സോളാര്‍ ബോംബ് പൊട്ടിയ പ്രഹരത്തില്‍ ആടിയുലഞ്ഞ കോണ്‍ഗ്രസ്സില്‍ ആദ്യ വെടി പൊട്ടിച്ചത് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കൂടിയായ വി.എം സുധീരനാണ്.
പുറത്ത് വന്ന വിവരങ്ങള്‍ ഏറെ ഗൗരവതരമാണെന്നാണ് സുധീരന് അഭിപ്രായപ്പെട്ടത്.
മറ്റു കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെയും ആരോപണ വിധേയരായ മറ്റു നേതാക്കളെയും സംരക്ഷിക്കാന്‍ രംഗത്ത് വന്നപ്പോള്‍ സുധീരന് വേറിട്ട പാതയില്‍ സഞ്ചരിച്ചത് കെ.പി.സി.സി നേതൃത്വത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
സുധീരനൊപ്പം ഒരു വിഭാഗം ശക്തമായി തന്നെ പാര്‍ട്ടിക്കകത്ത് കലാപ കൊടി ഉയര്‍ത്താനുള്ള ശ്രമത്തിനാണ്.
ഇനി പടയൊരുക്കം ജാഥ പുനരാരംഭിച്ചിട്ട് എന്താണ് കാര്യമെന്നാണ് ഈ വിഭാഗം ചോദിക്കുന്നത്.
കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്കെതിരെ പട കാഹളംമുഴക്കി കൊട്ടിഘോഷിച്ച് പുറപ്പെട്ട യാത്രക്കെതിരെ ജനരോക്ഷം ഉയരുമോ എന്ന ഭയവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലുണ്ട്.
ആകെ വെട്ടിലായിരിക്കുന്നത് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
ജാഥാ ക്യാപ്റ്റനെന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി മുഖ്യമന്ത്രിയാകാമെന്ന് കണ്ടാണ് ചെന്നിത്തല അവസരം മുതലെടുത്ത് ജാഥ നടത്തിയിരുന്നത്.
എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് ആയതിനാല്‍ സോളാര്‍ കേസില്‍ എന്ത് പ്രതിരോധമുയര്‍ത്തി ജനങ്ങള്‍ക്ക് മുന്നില്‍ വന്നാലും അത് വിലപ്പോവില്ലന്നത് ‘പടയൊരുക്കത്തിനും’ റെഡ് സിഗ്നലിലായിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിയുടെ പേര് പറയണമെന്ന് ചെന്നിത്തല പറഞ്ഞതായ സരിതയുടെ വെളിപ്പെടുത്തലും ചെന്നിത്തലയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയായി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അഭിഭാഷകന് മുഖേന ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് സരിത ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ കോണ്‍ഗ്രസ്സില്‍ ചെന്നിത്തലയുടെ കാര്യവും പരുങ്ങലിലായിട്ടുണ്ട്.
സോളാര്‍ ബോംബ് ഒരിക്കല്‍ പൊട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന ഉമ്മന്‍ ചാണ്ടി മനപൂര്‍വ്വം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറി നിന്നതും ഈ സാഹചര്യം മുന്‍കൂട്ടി കണ്ടായിരുന്നു എന്നതും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അഴിമതി നടത്തിയെന്ന ആരോപണത്തേക്കാള്‍ ലൈംഗികമായി സരിതയെ ഉപയോഗിച്ചു എന്ന് സോളാര്‍ കമ്മിഷന് കണ്ടെത്തിയതാണ് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ഇനി ഹൈക്കമാന്റ് എന്ത് തീരുമാനമെടുക്കും എന്നതും എ ഗ്രൂപ്പിനെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
പ്രത്യേകിച്ച് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്ക്കുന്ന സാഹചര്യത്തില്‍.