യു.ഡി.എഫ് ഇടുക്കിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു
കട്ടപ്പന: ജനദ്രോഹ ഭൂ നിയമങ്ങളിലൂടെ ഇടുക്കി ജില്ലയ്ക്ക് തീകൊളുത്തിയ പിണറായി സർക്കാരിന്റെ ദുഷ് ചെയ്തി നിമിത്തം പരിഭ്രാന്തരായ ജില്ലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ വേണ്ടി ഇടതുപക്ഷം നടത്തുന്ന ശ്രമം അപഹാസ്യമാണെന്ന് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി പ്രസ്താവിച്ചു.
റവന്യൂ ഭൂമിയായ സി എച്ച് ആർ മേഖല വനമാണെന്ന് പിണറായി സർക്കാരല്ലാതെ മറ്റൊരു സർക്കാരും ഇന്നുവരെ പറഞ്ഞിട്ടില്ല. സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിരിക്കുന്ന രേഖകൾ അപര്യാപ്തമാണെന്നും അഭിഭാഷകരുടെ നിലപാട് ദുർബലമാണെന്നും താൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയത് അവഗണിച്ചതിന്റെ ഫലമാണ് ഒക്ടോബർ 24ലെ കർഷക വിരുദ്ധ വിധി.
സർക്കാർ ഈ രീതിയിലാണ് കേസ് നടത്തുന്നതെങ്കിൽ ഇങ്ങനെ മാത്രമേ കോടതിക്ക് വിധിക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം ചേർന്ന വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയിൽ കേസ് നടത്തുന്ന കപട പരിസ്ഥിതിവാദികൾ സിപിഎമ്മിന്റെ ബി ടീമാണ് അവരുടെ കേസ് ജയിക്കുന്നതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്ന പണിയാണ് സർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ ആ കസേരയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. ഭരണത്തിൽ ഇരുന്നുകൊണ്ട് ഇടുക്കിയിലെ പാവപ്പെട്ട ഇടതുപക്ഷ പ്രവർത്തകരെക്കൊണ്ട് വനംവകുപ്പിനെതിരെ സമരം ചെയ്യിക്കുന്നത് വലിയ അനീതിയാണ്.
തിരുവനന്തപുരത്ത് ഹൈറേഞ്ചിലെ ജനങ്ങൾക്കെതിരായി സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ കൈയ്യടിച്ച് പാസാക്കിയിട്ട് ഇടുക്കിയിൽ വന്ന് അതിനെതിരെ പ്രസംഗിക്കുന്ന എം എം മണിയുടെയും റോഷി അഗസ്റ്റിന്റെയും ദൗർബല്യവും ഇരട്ടത്താപ്പും ജനങ്ങൾ ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ ഹൈറേഞ്ച് വിരുദ്ധ നിലപാടുകളും നിയമങ്ങളും തിരുത്തിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നിയോജകമണ്ഡലം ചെയർമാൻ എം.കെ പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന വിചാരണ സദസ്സിൽ കുറ്റ വിചാരണ പത്രം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അവതരിപ്പിച്ചു.
ജില്ലാ കൺവീനർ പ്രൊഫ. എം ജെ ജേക്കബ്, അഡ്വ ഇഎം ആഗസ്തി, അഡ്വ എസ് അശോകൻ, കെ എം എ ഷുക്കൂർ, റോയി കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ പി ഉസ്മാൻ, ജോയി കൊച്ചു കരോട്ട്, അനീഷ് ചേനക്കര എന്നിവർ പ്രസംഗിച്ചു. ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ റാലിക്ക് അഡ്വ.കെ ജെ ബെന്നി, എം ടി അർജുനൻ, തോമസ് മൈക്കിൾ, അഡ്വ അനീഷ് ജോർജ്,ബീന ടോമി, എം കെ നവാസ്, ഫിലിപ്പ് മലയാറ്റ്, ജോസ്മി ജോർജ്, ജോയി ആനിത്തോട്ടം, സിജു ചക്കുമൂട്ടിൽ, ജോയി കുടക്കച്ചിറ, സിബി പാറപ്പായി, പി എം ഫ്രാൻസിസ്, സാജു കാരക്കുന്നേൽ, സിപി സലിം, ജോബി തയ്യിൽ, അനീഷ് മണ്ണർ എന്നിവർ നേതൃത്വം നൽകി.
ഇടത് സർക്കാരിന്റെ ജനദ്രോഹഭൂനിയമങ്ങൾക്കെതിരെ കട്ടപ്പന മുൻസിപ്പൽ മിനിസ്റ്റേഡിയത്തിൽ നടത്തിയ യുഡിഎഫ് വിചാരണ സദസ്സ് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു.