സോളാര്‍ റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് ശേഷം മാത്രം കേസ്; വസ്തുത ബോധ്യപ്പെട്ടാല്‍ അന്വേഷണ സംഘത്തിന് കേസെടുക്കാം; സരിതയുടെ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ല
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന് ശേഷം മാത്രമേ കേസുക്കുകയുള്ളൂ. വസ്തുത ബോധ്യപ്പെട്ടാല്‍ അന്വേഷണ സംഘത്തിന് കേസെടുക്കാം. സരിതയുടെ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് മൊഴിയിൽനിന്ന് വ്യക്തമാകുന്നതെന്നു സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നൽകിയ നിയമോപദേശത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ തുടരന്വേഷണം നടത്തി കേസിനെക്കുറിച്ചു അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടാൽ മാത്രം കേസ് റജിസ്റ്റർ ചെയ്യാനാണ് നിലവിലെ തീരുമാനം.
പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ കരുതൽ വേണമെന്നറിയിച്ച പസായത്ത്, അഴിമതിക്കേസിൽ നടപടികൾ തുടരാമെന്നും വ്യക്തമാക്കി. ലൈംഗികബന്ധം സമ്മതപ്രകാരമെന്ന് വ്യാഖ്യാനം വന്നേക്കാം. എന്നാൽ ലൈംഗിക ബന്ധവും അഴിമതിയിൽപ്പെടുമെന്ന വാദം നിലനിൽക്കും. സരിതയുടെ കത്തിൽ അന്വേഷണത്തിനുശേഷം മാത്രം കേസെടുക്കുന്നതാണു നല്ലതെന്നും നിയമോപദേശത്തിൽ പറയുന്നു. കൃത്യതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ എഫ്ഐആർ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും പസായത്ത് അറിയിച്ചു.
സോളാർ കേസിൽ തുടരേന്വേഷണത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സുപ്രീം കോടതി മുൻ ജഡ്ജി അരിജിത്ത് പസായത്തിൽ നിന്ന് അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടർന്നായിരുന്നു അംഗീകാരം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ.ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിലുണ്ടായ വീഴ്ചകളുമായിരിക്കും അന്വേഷിക്കുക.
പൊതു അന്വേഷണത്തിനായിരിക്കും ഉത്തരവ്. കേസുകളില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവുണ്ടാകില്ലെന്നായിരുന്നു വിവരം. ഇപ്പോൾ ഏതൊക്കെ കേസുകളിൽ അന്വേഷണം നടത്തണമെന്ന് സർക്കാർ പുതിയ ഉത്തരവിൽ വ്യക്തമാക്കില്ല. അന്വേഷണ സംഘമായിരിക്കും ഇക്കാര്യം തീരുമാനിക്കുക. പ്രാഥമികമായ അന്വേഷണത്തിന് ശേഷം മാത്രമെ കേസ് രജിസ്റ്റർ ചെയ്യുകയുള്ളൂ. വിജിലൻസിലെ ഏതാനും ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സോളർ കമ്മീഷൻ റിപ്പോർട്ടിന്മേൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ സർക്കാരിന് വേണമെങ്കിൽ കേസെടുക്കാമെന്ന നിയമോപദേശമാണ് സുപ്രീം കോടതി മുൻ ജഡ്ജി അരിജിത് പസായത്തിൽ നിന്നു സർക്കാരിനു ലഭിച്ചത്. ഇത് അനുകൂല നിയമോപദേശമായി കണ്ടാണ് മന്ത്രിസഭയുടെ നടപടി. കഴിഞ്ഞ മാസം 11ന് ചേർന്ന മന്ത്രിസഭായോഗംഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരുന്നു.
ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ.ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിണ്ടായ വീഴ്ചകളും അന്വേഷിക്കുന്നതിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിക്കുകയും ചെയ്തു. എന്നാൽ, റിപ്പോർട്ടിന്മേൽ സർക്കാർ നിയമോപദേശം തേടിയതിനാൽ അന്വേഷണം തുടങ്ങിയിരുന്നില്ല.