പത്തനംതിട്ടയിലെ അമ്മു സജീവൻ്റെ മരണം; ആത്മഹത്യാ പ്രേരണ: മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: നഴ്സിങ്ങ് വിദ്യാർത്ഥിനി അമ്മു സജീവൻ്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് പേരെയും വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും. സഹപാഠികളിൽ നിന്നും അമ്മുവിന് മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപണമുന്നയിച്ചിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.
ദിവസങ്ങൾ നീണ്ട വിദ്യാർഥി സമരങ്ങൾക്ക് ഒടുവിലാണ് പൊലീസ് നടപടി. അതേസമയം, അമ്മുവിൻറെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളെജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിൻറെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്. കോളെജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം.
സഹപാഠികളായ വിദ്യാർത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളെജ് അധികൃതർ ശ്രമിച്ചില്ല.
പ്രശ്നങ്ങളെല്ലം തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിൻറെ കുടുംബം തള്ളി. ഹോസ്റ്റലിൻറെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ അമ്മു സജീവനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റാൻ സമയമെടുത്തതിനെയും കുടുംബം സംശയിക്കുന്നു.
ചികിത്സ വൈകിയതും ചികിത്സാ നിഷേധവും ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് ആരോഗ്യസർവ്വകലാശാല വൈസ് ചാൻസിലർ സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.