കളമശേരിയിൽ ഇന്ധന ടാങ്കർ ലോറി മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി: കളമശേരിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു. ഇരുമ്പനം ബി.പി.സി.എൽ പ്ലാൻറിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. ബുധനാഴ്ച രാത്രി 11 മണിയോടെ കളമശേരി ടിവിഎസ് കവലക്ക് സമീപം മീഡിയനിൽ ഇടിച്ചാണ് ടാങ്കർ ലോറി മറിഞ്ഞത്.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കർ ഉയർത്തിയത്. ക്രെയിൻ ഉപയോഗിച്ചാണ് ടാങ്കർ വലിച്ചു മാറ്റിയത്. ടാങ്കറിൽ നിന്ന് നേരിയ രീതിയിലുണ്ടായ വാതകച്ചോർച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറുമണിക്കൂറോളമെടുത്ത് അത് പരിഹരിച്ചു. വാഹനം ഉയർത്തുന്നതിനിടയിലാണ് ഇന്ധനം ചോർന്നത്. ഫയർഫോഴ്സും പോലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.
ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിൻറെ ചോർച്ച അടക്കാനായത്. 18 Sൺ പ്രൊപിലീൻ ഗ്യാസാണ് ലോറിയിൽ ഉണ്ടായിരുന്നത്. 11:15 ന് തന്നെ കളമശേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തി ബി.പി.സി.എല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
രാത്രി ഒരു മണിയോടെ ബി.പി.സി.എൽ എമർജൻസി റെസ്പോൺസിബിൾ ടീം സ്ഥലത്തെത്തി. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തിൽ ഉറപ്പ് വരുത്തിയ ശേഷം ടാങ്കർ ഉയർത്താനുള്ള നടപടികൾ തുടങ്ങി.
എന്നാൽ നാല് മണിയോടെ വാതകചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്ക ഉയർന്നു. പിന്നീട് ബി.പി.സിഎൽ ടെക്നിക്കൽ ടീമും ഫയർഫോഴ്സും എത്തി അടിയന്തര നടപടികൾ സ്വീകരിച്ചതോടെ അഞ്ച് മണിയോടെ ലോറി ഉയർത്തി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന് പിന്നാലെ തന്നെ വാഹനത്തിൻറെ കാബിനിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്തുമാറ്റി.
വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബി.പി.സി.എല്ലിൽ നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. ശേഷം അപകടത്തിൽപെട്ട വാഹനം ഇവിടെ നിന്ന് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. ഏലൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്. തൃശൂരിൽ നിന്നുള്ള ക്യാബിൻ ലോറി എത്തിച്ച് കളമശേരിയിൽ നിന്ന് ടാങ്കർ ലോറി കൊണ്ടുപോകും.