പാലക്കാട് വോട്ടെടുപ്പ് തുടങ്ങി
പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പേ അട്ടിമറികൾ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ബുധനാഴ്ച വിധിയെഴുതും. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ പാലക്കാടിന്റെ രാഷ്ട്രീയ അടിത്തട്ട് വരെ കലക്കി മറിച്ച മുന്നണികൾ ചൊവ്വാഴ്ച നിശബ്ദ പ്രചാരണ ദിനവും വിവാദ വിസ്ഫോടനങ്ങളുമായി കളം നിറഞ്ഞ് കളിച്ചു. വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് നീങ്ങുമ്പോൾ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്.
യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ എൽ.ഡി.എഫും നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയും ഇഞ്ചോടിച്ച് മത്സരിക്കുമ്പോൾ തീർത്തും പ്രവചനാതീതമാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ മനസ്.
ഇടതിന് എപ്പോഴും ബാലികേറാ മലയായ പാലക്കാട് പിടിച്ചെടുക്കാൻ ഏതറ്റം വരെയും പോകാൻ തയാറായാണ് കോൺഗ്രസ് വിട്ടുവന്ന ഡോ. പി സരിനെ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയാക്കിയത്. സരിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ കോൺഗ്രസ് വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള ഉൾപ്പിരിവിന്റെ ആഴത്തെ ആശ്രയിച്ചാണ് ഇടതിന്റെ സാധ്യത.
സരിൻ പോയതിന്റെ വിടവ് നികത്താൻ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിച്ചത് ബി.ജെ.പിയിൽ എത്രത്തോളം ആഘാതമുണ്ടാക്കിയിട്ടുണ്ടെന്നതാണ് ബി.ജെ.പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന മുഖ്യഘടകം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന മെട്രൊമാൻ ഇ ശ്രീധരൻ വിജയത്തോടടുത്തെത്തിയ ശേഷം കോൺഗ്രസിന് തൊട്ടുപിന്നിലായി ഫിനിഷ് ചെയ്യേണ്ടി വന്നപ്പോൽ സി.പി.എം മൂന്നാം സ്ഥാനത്തായിരുന്നു. രാഷ്ട്രീയ സമവാക്യങ്ങൾക്കൊപ്പം തന്നെ സാമുദായിക സമവാക്യങ്ങളും പാലക്കാടിന്റെ വിധിയെഴുത്തിനെ ആഴത്തിൽ സ്വാധീനിക്കും.
ബി.ജെ.പിക്കും ആർ.എസ്.എസിനും ആഴത്തിൽ വേരോട്ടമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാന മണ്ഡലമാണ് പാലക്കാട്. മണ്ഡലത്തിലെ സുന്നി വോട്ടുകളും നിർണായക ഘടകമാണ്.
മുസ്ലിം വോട്ടുകളിൽ ഷാഫിക്കനുകൂലമായ ധ്രുവീകരണമുണ്ടായത് കോൺഗ്രസിന് വലിയ തുണയായിരുന്നു. ഇക്കുറി സന്ദീപ് വാര്യരുടെ വരവ് ഏതെങ്കിലും മുസ്ലിം വോട്ട് ബാങ്കിന്റെ വിപ്രതിപത്തിക്കിടയാക്കുമോ എന്നതും ഉറ്റുനോക്കപ്പെടുകയാണ്.
ലീഗ് നേതൃത്വം ഇതിന്റെ ഗൗരവം മനസ്സിലാക്കി തന്നെ ഇടപെട്ടിട്ടുണ്ടെങ്കിലും മുസ്ലിം വോട്ട് ബാങ്കിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സി.പി.എം തന്ത്രം തെരഞ്ഞെടുപ്പിന്റെ തലേന്ന് രണ്ട് പ്രധാന സുന്നി മുഖപത്രങ്ങളിൽ ഒന്നാം പേജ് പരസ്യത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ വാക്പോരിനാണ് വഴി തുറന്നത്. മൂന്ന് സ്ഥാനാർത്ഥികളിൽ രാഹുൽ മാങ്കൂട്ടത്തിലിന് വരത്തൻ പരിവേഷം സൃഷ്ടിച്ച് നൽകാൻ എതിരാളികൾ കിണഞ്ഞ് പരിശ്രമിച്ചപ്പോൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രവർത്തകരെയും നേതാക്കളെയും പ്രചാരണത്തിനെത്തിച്ച് ഒരു പാൻ കേരളീയ പരിവേഷം നൽകാനാണ് യു.ഡി.എഫ് ശ്രമിച്ചത്.
രാഹുലുമായി ബന്ധപ്പെട്ട് വ്യാജ ലിസ്റ്റ് വിവാദവും കള്ളപ്പണ വിവാദവുമടക്കം ആളിക്കത്തിക്കാൻ മറുപക്ഷം ശ്രമിച്ചപ്പോൾ അതിനെയെല്ലാം നനഞ്ഞ പടക്കമാക്കി മാറ്റാൻ യു.ഡി.എഫിന്റെ ഇലക്ഷൻ സ്ട്രാറ്റജിസ്റ്റുകൾ ഇറങ്ങിക്കളിച്ചു.