റേഷൻ വ്യാപാരികൾ സമരത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ റേഷൻ വിതരണം പൂർണമായും സ്തംഭിക്കും.
വ്യപ്യാരികളുടെ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ ധർണയും നടക്കും. ഓണത്തിന് പ്രഖ്യാപിച്ച 5000 രൂപ ഓണറേറിയം ഉടൻ നൽകുക, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപ്യാരികൾ സമരം നടത്തുന്നത്. ഒരുമാസം ജോലി ചെയ്താൽ അതിൻറെ കൂലി അടുത്തമാസം പത്താം തീയതിക്കുള്ളിൽ എങ്കിലും കിട്ടണം.
ഇത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥയുണ്ടാക്കണമെന്നും സംയുക്ത സമര സമിതി ആവശ്യമുന്നയിക്കുന്നു. ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ചില്ലെങ്കിൽ ജനുവരി ആറുമുതൽ അനിശ്ചിതകാല കടയടപ്പ് സമരം സംഘടിപ്പിക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.
അതേസമയം, കടയടപ്പ് സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അഭ്യർഥിച്ചു. സമരങ്ങൾ ജനങ്ങളിൽ ഭീതി ഉണ്ടാക്കുന്ന രീതിയിലേക്ക് എത്തിക്കരുത്.
റേഷൻ വ്യാപാരികളുമായി ഉടൻതന്നെ ചർച്ച നടത്തുമെന്നും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റേഷൻ ലൈസൻസികളുടെ വേതന വർധന സർക്കാറിൻറെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിൻറെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ ഇക്കാര്യത്തിൽ നടപടിയുണ്ടാകും. ലൈസൻസികളുടെ ആവശ്യം ന്യായം തന്നെയാണ്. എന്നാൽ, കേരളമാണ് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം. വേതന വർധനവ് പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുവിതരണ രംഗത്ത് കഴിഞ്ഞ മാസത്തേക്കാൾ വിതരണത്തിൽ ആറ് ശതമാനം വർധന ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റേഷൻ കടകൾ അടച്ചുപൂട്ടുന്ന നിലപാട് സർക്കാരിനില്ല. പുതിയ കടകൾക്ക് വേണ്ടി നൂറുകണക്കിന് അപേക്ഷകൾ വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.