ആലപ്പുഴയിൽ ഭീതി പരത്തി കുറുവാ സംഘം; കൊല്ലാനും മടിക്കില്ല
ആലപ്പുഴ: ദേഹം മുഴുവൻ എണ്ണയും കരിയും, ലുങ്കിയും ഷർട്ടും അകത്താക്കി പുറത്തൊരു നിക്കർ ധരിക്കും, ദേഹം മുഴുവൻ എണ്ണയും കരിയും തേച്ചു പിടിച്ച് വീടിൻറെ മുറ്റത്തെത്തി കുട്ടികളെപ്പോലെ കരഞ്ഞോ പൈപ്പ് തുറന്ന് ശബ്ദമുണ്ടാക്കിയോ വീട്ടുകാരെക്കൊണ്ട് തന്നെ വാതിൽ തുറപ്പിക്കുന്ന കുറുവാ സംഘം.
മോഷണം കുലത്തൊഴിലാക്കി മാറ്റിയ കുറുവാ സംഘം ഏറെ കാലത്തിനു ശേഷം കേരളത്തിൻറെ ഉറക്കം കെടുത്തുകയാണ്. ആലപ്പുഴയിൽ പല പ്രദേശങ്ങളിലും കുറുവാസംഘം മോഷണം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ മോഷണങ്ങൾക്കു പിന്നിൽ കുറുവാ സംഘമാണോയെന്ന് വ്യക്തമല്ല. കഴിഞ്ഞ പതിനാല് ദിവസത്തിനിടെ ചേർത്തല, മണ്ണാഞ്ചേരി- മാരാരിക്കുളം പ്രദേശത്തായി പത്തിടത്താണ് മോഷണം നടന്നത്.
മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവാസംഘത്തിലേക്ക് വിരൽ ചൂണ്ടിയത്. ദൃശ്യങ്ങൾ തമിഴ്നാട് പൊലീസിന് കൈമാറിയിരിക്കുകയാണ്.
കുറുവാ സംഘം - ആക്രമിച്ച് കൊന്നിട്ടായാലും മോഷണം നടത്തുന്നവരാണ് കുറുവാ സംഘം. ഇരുട്ടിൽ ഒളിച്ചിരുന്ന ഞൊടിയിടയിൽ ആക്രമിക്കും. സ്ത്രീകൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ മുറിച്ചെടുക്കാനും നിമിഷം നേരം മതി.
നൂറ് കണക്കിന് പേർ അടങ്ങുന്നതാണ് ഈ സംഘമെന്നും റിപ്പോർട്ടുകളുണ്ട്. പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി രാത്രിയാണ് മോഷണം നടത്തുക. കേരള- തമിഴ്നാട് അതിർത്തിയിലാണ് ഇവരുടെ കേന്ദ്രം. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്ത് കയറുന്നതാണ് രീതി. മൂന്ന് പേരാണ് ഒരുമിച്ചുണ്ടാകുക. മോഷണം നടത്തേണ്ട വീടുകൾ ആറു മാസം വരെ നിരീക്ഷിക്കും.
കൂട്ടത്തിലെ ഒരാൾക്ക് കവർച്ച നടത്തുന്ന വീടിനെ കുറിച്ച് പൂർണമായ വിവരമുണ്ടായിരിക്കും. ഏത് സമയത്തും ആരെയും ആക്രമിച്ച് മോഷണം നടത്താൻ ഇവർക്ക് കഴിയാറുണ്ട്. എതിർത്താൽ ആയുധം വച്ച് ഭീഷണിപ്പെടുത്തും. കുറുവാ സംഘം അടുത്തിടെ കേരളത്തിലേക്ക് കടന്നതായി ഇൻറലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. 75 പേർ അടങ്ങുന്ന സംഘം പാലക്കാട് അതിർത്തി വഴി കേരളത്തിൽ എത്തിയെന്നാണ് വിവരം.