ചൈനീസ് ഉല്പന്നങ്ങള്ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ
ഇന്ത്യ-ചൈന ഡോക്ലാം സംഘര്‍ഷം അതിര്‍ത്തിയില്‍ തീരുന്ന ഒന്നല്ല. വ്യാപാര മേഖലയിലും അതിന്റെ ആഘാതം ഏറ്റുകഴിഞ്ഞു.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയത്. ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതിചെയ്യുന്നതിന്റെ രണ്ട് ശതമാനം മാത്രമാണ് ഇന്ത്യ ചൈനയിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ലാം സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഇന്ത്യയുടെ നിലപാട് ചൈനയ്ക്ക് കടുത്ത തിരിച്ചടിയാകും.
സെപ്റ്റംബര്‍ ഒന്നുമുതല്‍ നിയന്ത്രണം നിലവില്‍വന്നതോടെ ചൈനയില്‍നിന്നുള്ള കളിപ്പാട്ടത്തിന്റെ ഇറക്കുമതി പകുതിയായി കുറഞ്ഞു. കടുത്ത ഗുണമേന്മ പരിശോധനയും അംഗീകൃത ഏജന്‍സികള്‍വഴി വേണം ഇറക്കുമതിയെന്ന നിബന്ധനയുമാണ് പുതിയതായി കൊണ്ടുവന്നത്. രാജ്യത്തെ 5000 കോടിയോളം മൂല്യമുള്ള കളിപ്പാട്ടവിപണിയില്‍ 70 ശതമാനവും ചൈനയുടെ വിഹിതമാണ്.
രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്നതിനാല്‍ ബലപ്പെടുത്തിയ ഗ്ലാസിന് ആന്റി ഡമ്പിങ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. മൊബൈല്‍ ഫോണ്‍ സ്ക്രീന്‍ പോലുള്ളവയുടെ സംരക്ഷണത്തിനാണ് പ്രധാനമായും ബലപ്പെടുത്തിയ ഗ്ലാസ് ഉപയോഗിക്കുന്നത്.
രാജ്യത്തെ വ്യവസായം സംരക്ഷിക്കുന്നതിനുകൂടിയാണ് അഞ്ചുവര്‍ഷത്തേയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തെ ടയര്‍ നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കും ഉപയോഗിക്കുന്ന റേഡിയല്‍ ടയറുകള്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് ആന്റി ഡമ്പിങ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. ചൈനയില്‍നിന്ന് ടയര്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാകച്വേഴ്സ് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ടയര്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ വ്യവസായത്തെ ബാധിക്കുമെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഊര്‍ജ വിതരണ മേഖലയിലെ ചെറുകിടവന്‍കിട പദ്ധതികളുടെ കരാറുകള്‍ക്കായി കാത്തിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. ഹര്ബിന് ഇലക്ട്രിക്, ഡോങ്ഫാങ് ഇലക്ട്രോണിക്സ്, ഷാങ്ഹായ് ഇലക്ട്രിക്, സിഫാങ് ഓട്ടോമേഷന്‍ തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കാണ് ഈമേഖലയില്‍ പ്രധാനമായും ആധിപത്യം.
വിദേശ രാജ്യങ്ങള്‍ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യത്തെ വൈദ്യുതി വിതരണമേഖലയിലെ സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി സമഗ്ര പരിശോധന നടത്താന്‍ ഉന്നത സമിതിയെ നിയോഗിച്ചിരിക്കുകയാണിപ്പോള്‍. രാജ്യത്തെ കിഴക്കന്‍ ഗ്രിഡില്‍ ചൈനീസ് മാല്‍വെയര്‍ ആക്രമണം ഉണ്ടായതിനെതുടര്‍ന്നാണ് സമിതിയെ നിയോഗിച്ചത്.