നാഡിവ്യതിയാനം മനുഷ്യരിൽ; ആൻ്റണി പുത്തൻപുരക്കൽ എഴുതുന്നു
(മുന്നറിയിപ്പ്: ഈ ലേഖനം മുഴുവനും നിങ്ങൾ വായിച്ചു കഴിയുമ്പോൾ തീർച്ചയായും നിങ്ങളുടെ മസ്തിഷ്കത്തിൽ വ്യതിയാനം സംഭവിച്ചിരിക്കും).
നമ്മുടെ ജീവിതത്തിലെ എല്ലാ സംവേദനങ്ങളും അനുഭവങ്ങളും പെരുമാറ്റരീതികളും മസ്തിഷ്കത്തിന്റെ ഭാഗമാണ്. അത്യൽപമായ ഒരു ചിന്താശകലം, സൂക്ഷ്മവൈകാരിക അനുസ്വാനം, സംഭാഷണങ്ങൾ മുതൽ നമ്മുടെ വിശാലവും വ്യത്യസ്തവുമായ സംസ്കാരം വരെ നമ്മുടെ തലച്ചോറിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട്. അനുനിമിഷം മസ്തിഷ്കം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. നമ്മൾ ആരാണെന്ന് തീരുമാനിക്കുന്നതിൻ്റെ സുപ്രധാന ഘടകം നമ്മുടെ മസ്തിഷ്കമാണ്. നാഢീയകോശങ്ങൾ നിരന്തരമായി അതിന്റെ പരിപഥം (circuit) മാറ്റിക്കൊണ്ടിരിക്കുന്നു. തന്മൂലം മസ്തിഷ്കത്തിന്റെ ഉള്ളടക്കവും സദാ മാറിക്കൊണ്ടേയിരിക്കും. നമ്മുടെ നാഢീയശൃംഖലയിലെ വികാസമാതൃകകൾ എപ്പോഴും മാറുന്നതുകൊണ്ട്, നമ്മുടെ സത്വവും (identity) വളരെ വേഗത്തിൽ മാറ്റത്തിനു വിധേയമാണ്. ഇക്കാരണത്താൽ നാം ആഗ്രഹിക്കുന്ന ഒരു അന്തിമ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമുക്ക് ഒരിക്കലും കഴിയുകയുമില്ല.
എന്താണ് നാഡിവ്യതിയാനം? ജീവിതത്തിലുടനീളം മാറുന്ന പരിസ്ഥിതിക്കനുസരിച്ച് പുതിയ നാഢീയ സംയോജകങ്ങൾ സൃഷ്ടിക്കാനും സ്വയം പുനഃസംഘടിക്കാനുമുളള നമ്മുടെ മസ്തിഷ്കത്തിന്റെ കഴിവിനെയാണ് നാഡിവ്യതിയാനം എന്നു വിളിക്കുന്നത്. ഈ വ്യതിയാനത്തെ, മാറ്റത്തെ, മസ്തിഷ്കവ്യതിയാനം അല്ലെങ്കിൽ മസ്തിഷ്ക പത്രണീയത (brain malleability) എന്നും അറിയപ്പെടുന്നു. നമ്മുടെ നാഡീകോശങ്ങൾക്ക് പരിക്കോ, രോഗമോ ഉണ്ടായാൽ അവയെ പരിഹരിക്കുന്നതിനും പുതിയ സാഹചര്യങ്ങളോട്, പരിസ്ഥിതിയോട് പ്രതികരിക്കുന്നതിനും, ആവശ്യമായ മാറ്റങ്ങൾക്ക് വിധേയമായി മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും ഈ കഴിവ് നമ്മെ സഹായിക്കുന്നു. ലളിതമായി പറഞ്ഞാൽ, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പുതുതായി രൂപമെടുക്കുന്ന നാഡികോശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് പുതിയ നാഡി സംയോജകങ്ങളിൽ അങ്കുരണകോശങ്ങളെ (sprout cell) സൃഷ്ടിക്കുന്നു. ഇതുപോലെ, തന്ത്രിക അക്ഷങ്ങൾ (axon) മസ്തിഷ്ക പുനഃസംഘടനയിലൂടെ, നാഡികോശങ്ങളുടെ അഗ്രങ്ങളെ ബന്ധിപ്പിക്കാൻ പുതിയ നാഡീയ പാതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഉദാഹരണമായി, തലച്ചോറിന്റെ ഒരു അർദ്ധഗോളത്തിന് ക്ഷതമോ, കേടുപാടോ സംഭവിക്കുകയാണെങ്കിൽ, മറ്റെ അർദ്ധഗോളം ക്ഷതമെറ്റ അർദ്ധഗോളത്തിൻ്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. കേടുപാടുകൾ സംഭവിച്ച അർദ്ധഗോളത്തിലെ നാഡികോശങ്ങളെ ഉത്തേജിപ്പിച്ച്, അല്ലെങ്കിൽ പുനഃസംഘടിപ്പിച്ച് പുതിയ സംയോജകകോശങ്ങൾ വളർത്തി മസ്തിക ഭാഗത്തെ കേടുപാടുകളിൽ നിന്നും വീണ്ടെടുക്കും.
മസ്തിഷ്ക വ്യതിയാനത്തിന്റെ യഥാർത്ഥ അർത്ഥം എന്താണ്? മാറുന്ന പരിസ്ഥിതിക്കനുസരിച്ച് കൂടുതൽ വികസിപ്പിക്കാനും കൂടുതൽ പൊരുത്തപ്പെടാനുമുള്ള മനുഷ്യ മസ്തിഷ്കത്തിന്റെ കഴിവിനെ ഇതു സൂചിപ്പിക്കുന്നു. തലച്ചോറിൽ ശാരീരികമായും പ്രവർത്തനപരമായും രാസപരമായും അക്ഷരാർത്ഥത്തിൽ മാറ്റം സംഭവിക്കും. ഇതിനർത്ഥം നമ്മുടെ അറിവ്, ബുദ്ധി, ഓർമ്മ, വിവേകം എന്നിവയ്ക്ക് ഉത്തരവാദിയായ നമ്മുടെ തലച്ചോറിനെ നിർദ്ദിഷ്ട മസ്തിഷ്ക പരിശീലന വ്യായാമങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിക്കാനും ശക്തി വർദ്ധിപ്പിക്കാനും കഴിയുമെന്നർത്ഥം. നമ്മുടെ പരിശീലനം അല്ലെങ്കിൽ തീവ്രമായ ആഗ്രഹം എന്നിവക്ക് അനുസരിച്ചു നമ്മിൽ മസ്തിഷവ്യതിയാനം സംഭവിക്കും. മസ്തിഷ്ക പത്രണീയത (brain malleability) അനുസരിച്ച്, വ്യക്തിയുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി മസ്തിഷ്കം അതിന്റെ ഘടനയിൽ മാറ്റം വരുത്തും. മസ്തിഷ്കം പുതിയ അറിവ് സംഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും കൃത്യമായ രീതിയെ അടിസ്ഥാനമാക്കിയാണ്. ഉദാഹരണത്തിന്, നമ്മൾ ഒരു പുതിയ വൈദഗ്ദ്ധ്യം പഠിക്കാൻ ശ്രമിക്കുമ്പോൾ, ഈ പുതിയ നൈപുണ്യത്തിന് ആവശ്യമായ വിവരങ്ങൾ അടങ്ങിയിരിക്കുന്ന പുതിയ നാഡീയ പാതകളെ നമ്മുടെ മസ്തിഷ്കം സ്വയം സൃഷ്ടിച്ച് അവയെ പരസ്പരം ബന്ധിപ്പിക്കുന്നു. എന്നാൽ ഈ മാറ്റങ്ങൾ എല്ലായ്പ്പോഴും മികച്ചതല്ല എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം. മസ്തിഷ്ക വ്യതിയാന നിയമമനുസരിച്ച് നാഡീയ പാതകളുടെ എണ്ണം കാലക്രമേണ കുറഞ്ഞാൽ സംഭരിച്ച വിവരങ്ങളുടെ ഗുണനിലവാരം മോശമാകും. അതുകൊണ്ട് തലച്ചോറിന്റെ വളർച്ചയും മികവും മെച്ചപ്പെടുത്താനും നിലനിർത്താനും തുടർന്നുളള മസ്തിഷ്ക പരിശീലനം അത്യന്താപേക്ഷിതമാണ്.