പോസ്റ്റൽ സോർട്ടിംഗ് ഓഫീസ് നിർത്തലാക്കുന്നതിനുള്ള നീക്കം ചെറുക്കും; ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: കഴിഞ്ഞ 39 വർഷമായി തൊടുപുഴയിൽ പ്രവർത്തിച്ച് വരുന്നതും ജില്ലയിലെ തപാൽ ഉരുപ്പടികൾ തരംതിരിച്ച് അതാത് പോസ്റ്റ് ഓഫീസുകളിലേക്ക് എത്തിച്ചിരുന്നതുമായ പോസ്റ്റൽ സോർട്ടിംഗ് ഓഫീസ് നിർത്തലാക്കുന്നതിനും കൊച്ചിൻ പോസ്റ്റൽ ഹബ്ബിലേക്ക് മാറ്റുന്നതിനുമുള്ള കേന്ദ്രനീക്കം ചെറുക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി.
കേന്ദ്ര ഗവൺമെൻ്റിൻ്റെ തപാൽ മേഖലയിലെ പുത്തൻ നയത്തിൻറെ ഭാഗമായി പൂട്ടപ്പെടുന്ന ഇരുന്നൂറിലധികം സോർട്ടിംഗ് ഓഫീസുകളുടെ പട്ടികയിൽ തൊടുപുഴയും ഉൾപ്പെടുന്നുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് 2020 ആഗസ്റ്റ് മൂന്നിന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് കത്തയക്കുകയും ,കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.
ഇടുക്കി ജില്ല അഭിമുഖീകരിക്കുന്ന വാർത്താവിനിമയ, തപാൽ പ്രതിസന്ധികൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ നിമിത്തം തപാൽ വിതരണം താറുമാറാകുന്നതിന് സോർട്ടിംഗ് ഓഫീസ് മാറ്റം ഇടയായി തീരുമെന്ന് ബോദ്ധപ്പെടുത്തിയിരുന്നു.ഇതേത്തുടർന്ന് 2020 ആഗസ്റ്റ് 24ന് സി.പി.എം.ജി കേരളസർക്കിൾ നൽകിയ വിശദമായ മറുപടിയിൽ സോർട്ടിംഗ് ഓഫീസ് മാറ്റുന്നത് മൂലം തപാൽ വിതരണത്തിൽ യാതൊരു ബുദ്ധിമുട്ടും ജനങ്ങൾക്ക് ഉണ്ടാവുകയില്ലന്നും അറിയിച്ചിരുന്നു.
ഇതിനെതിരെ തപാൽ വകുപ്പിലെ ഉന്നതവൃത്തങ്ങളെ സമീപിക്കുകയും , കൊച്ചിൻ ഹബ്ബുമായി സംയോജിപ്പിക്കുന്ന നീക്കം മന്ദഗതിയിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നീക്കം വീണ്ടും സജീവമായപ്പോൾ 2024 ഒക്ടോബർ 29ന് കേന്ദ്രമന്ത്രി, പോസ്റ്റ് മാസ്റ്റർ ജനറൽ എന്നിവർക്ക് വീണ്ടും കത്തുകൾ അയച്ചു.
തപാൽ വകുപ്പിലെ ഉന്നത അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.കേന്ദ്രഗവണമെൻറിൻറെ നയത്തിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. ഈ നീക്കത്തിനെതിരെ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ജനങ്ങളോടൊപ്പം നിന്ന് ഇതിനെ ചെറുക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.