എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹവും ആദരവും പിടിച്ചു പറ്റിയ ഭരണാധികാരിയായിരുന്നു ആർ ശങ്കർ; അഡ്വ: ഇ.എം അഗസ്തി
കട്ടപ്പന: കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹവും ആദരവും പിടിച്ച് പറ്റിയ ധിഷണാശാലിയായ ഭരണാധികാരി ആയിരുന്നു ആർ ശങ്കറെന്ന് എ.ഐ.സി.സി അംഗം അഡ്വ: ഇ.എം അഗസ്തി. കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറിന്റെ അൻപത്തി രണ്ടാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം നിരവധി നേട്ടങ്ങളുടെ കാലമാണ്.
വിധവാ പെൻഷൻ, വിദ്യാഭ്യാസ പരിഷ്കരണം, വ്യവസായ വൽക്കരണം, വൈദ്യുതോൽപാദനം തുടങ്ങിയ വികസന പദ്ധതികൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും, ഇച്ഛാശക്തിയുടെയും ബാക്കി പത്രങ്ങളാണ്. ജാതീയ അധീശത്വങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം പിന്നോക്ക -അവശ ജന വിഭാഗങ്ങളുടെയും ഉന്നമനത്തിനായി നിസ്തുല സേവനമാണ് അനുഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, നേതാക്കളായ സന്തോഷ് പണിക്കർ, ബീനാ ടോമി, സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, ജോസ് മുതനാട്ട്, ഷാജി വെള്ളംമാക്കൽ, ജോമോൻ തെക്കേൽ, പ്രശാന്ത് രാജു,രാജൻ കാലാചിറ,ബീനാജോബി, മായാ ബിജു, പി എസ്, രാജപ്പൻ കെ എസ് സജീവ്,, ജോസ് ആനക്കല്ലിൽ ജോസ് കലയത്തിനാൽ, പൊന്നപ്പൻ അഞ്ചപ്ര, ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.