വിദേശ ഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നന്നതിന്റെ പരിണിത ഫലമാണ് കർഷകർ അനുഭവിക്കുന്നത്; ജോയി വെട്ടിക്കുഴി
കട്ടപ്പന: പിണറായി സർക്കാർ വിദേശ ഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് ജില്ലയിലെ കർഷകർ അനുഭവിക്കുന്നതെന്ന് യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. സി എച്ച് ആർ വിഷയത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മറ്റി കട്ടപ്പനയിൽ നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരം ഉത്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ വ്യത്യസ്ത നിലപാടുകളാണ് കോടതിയിൽ തിരിച്ചടിയായത്. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചു വാങ്ങിയ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
2009ൽ സി.എച്ച്.ആറിലെ പട്ടയ വിതരണത്തിന് സുപ്രീം കോടതി അനുമതി നൽകിയതാണ്. ഈ കാര്യം കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകന് കഴിഞ്ഞില്ല. ഇതാണ് പട്ടയ വിതരണം തടയാൻ കാരണമായത്. ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കർഷകർക്കെതിരായ വിധിയാണ് ഉണ്ടാകുന്നത്.
ഇത് പരിശോധിക്കപ്പെടേണ്ടതാണ്. പരിസ്ഥിതി സംഘടനകളുടെ പ്രലോഭനമാണോ കോടതികളിൽ സർക്കാർ അഭിഭാഷകരുടെ മൗനത്തിന് കാരണമെന്ന് അന്വേഷിക്കണം.
പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്ന ആയിരകണക്കിന് കർഷകരുടെ സ്വപ്നങ്ങളാണ് പട്ടയ വിതരണം തടഞ്ഞ സുപ്രീം കോടതി വിധിയോടെ ഇല്ലാതായത്. 1964 ലെ ഭൂ പതിവ് നിയമ പ്രകാരമുള്ള പട്ടയ വിതരണം ഹൈക്കോടതി തടഞ്ഞിട്ട് 8 മാസം കഴിഞ്ഞു. ഈ വിധി പുനപരിശോധിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.
കൃഷി ഭൂമി ഉൾപ്പടെ 1100 ഏക്കറാണ് പിണറായി സർക്കാർ ജില്ലയിൽ വനമാക്കി മാറ്റിയത്. സർക്കാരിന്റെ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും അല്ലായെങ്കിൽ ശക്തമായ തുടർ പ്രക്ഷോഭം നടത്തുമെന്നും നിരാഹാര സമരത്തിന് നേതൃത്വം നൽകുന്ന യൂത്ത് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ പറഞ്ഞു.
സമരത്തിൽ നേതാക്കളായ തോമസ് രാജൻ, മുകേഷ് മോഹൻ, ജോബിൻ മാത്യു, ഷിൻസ് ഏലിയാസ്, മോബിൻ മാത്യു, ശാരി ബിനു ശങ്കർ, മകേഷ് മോഹൻ, ബിജോ മാണി, ജെയ്സൻ കെ ആന്റണി, എം.ഡി അർജുനൻ, തോമസ് മൈക്കിൾ, സിജു ചക്കുമൂട്ടിൽ, ആൽബിൻ മണ്ണൻചേരിൽ, ആനന്ദ് തോമസ്, ജിതിൻ തോമസ് ഉപ്പുമാക്കൽ, ജോസ് പുത്തനാട്ട്, അലൻ സി മനോജ്, റോബിൻ ജോർജ്, സിബി മാത്യു, ടിനു ദേവസ്യാ, ജോയി ആനിതോട്ടം, സിബി പാറപ്പായ്, പ്രശാന്ത് രാജു, എ.എം സന്തോഷ്, സജിവ് കെ.എസ്, എന്നിവർ സംസാരിച്ചു.
നിരാഹാരസമരം അവസാനിപ്പിച്ച ശേഷം നടത്തിയ സമാപന സമ്മേളനം കോൺഗ്രസ് രാക്ഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. നിരവധി വ്യക്തികൾ പങ്കെടുത്തു.