കുഴൽപ്പണ കേസിൽ തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം വേണമോയെന്ന് തീരുമാനിക്കുക. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി - ഡി.ജി.പി കൂടിക്കാഴ്ച.
പുനരന്വേഷണ സാധ്യത പരിശോധിക്കുന്നതുള്‍പ്പെടെ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. കുഴല്‍പ്പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി ധര്‍മരാജ് എന്നയാൾ ആറ് ചാക്കുകളിലായി എത്തിച്ചതെന്നായിരുന്നു എന്നായിരുന്നു വെള്ളിയാഴ്ച സതീശിന്റെ വെളിപ്പെടുത്തല്‍.
തുടര്‍ന്ന് കേസില്‍ പുനരന്വേഷണം വേണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശത്തിന് തൊട്ട് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍. അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ ഹർജി ഫയല്‍ ചെയ്യും. പുതിയ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ വിശദീകരിക്കും.
കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. എന്നാൽ കേസിൽ തുടരന്വേഷണം വേണമെന്ന് കേസിലെ ആദ്യ കുറ്റപത്രത്തിൽ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു തവണ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് തുടരന്വേഷണത്തിന്റെ പശ്ചാത്തലം കോടതിയെ അറിയിക്കുന്നത്.
ബി.ജെ.പിയുമായി സി.പി.എം ഡീലെന്ന പ്രതിപക്ഷത്തിന്റെ വ്യാപക പ്രചാരണം തുടരുന്ന ഉപതെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കെതിരായ ആയുധം പരമാവധി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നീക്കം. എന്നാൽ, കേസിലെ പുതിയ വെളിപ്പെടുത്തല്‍ തന്നെ എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് രജിസ്റ്റർ ചെയ്ത കേസ് - കാറില്‍ കൊണ്ടുപോകുകയായിരുന്ന3.5 കോടി രൂപ കൊടകര ദേശീയ പാതയില്‍ വച്ച് ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
ഇത് ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു എന്നാണ് അന്ന് ഉയര്‍ന്ന ആരോപണം. 2021 ഏപ്രില്‍ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പിന്നീട് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു. സംഭവത്തില്‍ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവര്‍ക്ക് കൈമാറിയതായും കണ്ടെത്തിയിരുന്നു.