ഹയർ സെക്കണ്ടറി പരീക്ഷ; കുട്ടികളെ വലക്കുന്ന സമയക്രമം പുന: പരിശോധിക്കണമെന്ന് എച്ച്.എസ്.എസ്.റ്റി.എ
തിരുവനന്തപുരം: മാർച്ച് മൂന്ന് മുതൽ 29 വരെ പതിനെട്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ച ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ പതിവിന് വിരുദ്ധമായി ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം കുട്ടികളെ വലക്കുമെന്നും ഈ രീതിയിൽ പുറത്തിറക്കിയ ടൈം ടേബിൾ പുന:പരിശോധിക്കണമെന്നും ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മാർച്ച് മാസത്തെ കൊടും ചൂടിൽ, മൂന്ന് മണിക്കൂറോളം നീണ്ട് നിൽക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾ ഉച്ചതിരിഞ്ഞ് നടത്തുന്നത് തികച്ചും അപ്രായോഗികമാണ്. ആദ്യമായി മാർച്ച് പരീക്ഷയോടൊപ്പം നടക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷക്ക് മിക്ക രണ്ടാം വർഷ വിദ്യാർത്ഥികളും ഹാജരാവും. രണ്ടാം വർഷ വിദ്യാർത്ഥികൾ തുടർച്ചയായി ഒൻപത് പരീക്ഷകളാണ് ഉച്ചതിരിഞ്ഞ് എഴുതേണ്ടി വരിക.
ഒരു ദിവസം തന്നെ വിവിധ വിഷയങ്ങളിൽ പരീക്ഷ നടക്കുന്ന ഹയർ സെക്കണ്ടറിയിൽ പരീക്ഷകൾ അവസാനിച്ച് ഉത്തര പേപ്പറുകൾ വേർതിരിച്ച് പാക്ക് ചെയ്യാൻ മണിക്കൂറുകൾ വേണം. ഉൾപ്രദേശങ്ങളിലെ സ്കൂളുകൾക്ക് അതാത് ദിവസം ഉത്തര പേപ്പറുകൾ മൂല്യ നിർണയ ക്യാമ്പിലേക്ക് അയക്കാൻ കഴിയാതെ വരുന്ന സാഹചര്യം ഉണ്ട്. അയക്കാൻ കഴിയാത്ത ഉത്തര കടലാസുകൾ സ്കൂളിൽ സൂക്ഷിക്കുന്നതിനുള്ള പ്രയാസം വേറെയും ഉണ്ടാവും. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ചീഫ്, ഡെപ്യൂട്ടി ചീഫ് എന്നിവർക്ക് ഈ ജോലികൾ പൂർത്തിയാക്കി രാത്രിയോടെ മാത്രം സ്കൂളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്ന സാഹചര്യമാണ് സംജാതമാവുക.
മാർച്ച് ആദ്യ വാരം റംസാൻ വ്രതം കൂടി ആരംഭിക്കുന്നതിനാൽ മൂന്ന് മണിക്കൂറോളം നീളുന്ന പരീക്ഷകൾ ഉച്ചക്ക് ശേഷം നടത്തുന്നത് റംസാൻ നോമ്പ് ആചരിക്കുന്ന കുട്ടികൾക്കും പരീക്ഷാ നടത്തിപ്പ് ജോലിയുള്ള അധ്യാപകർക്കും ഏറെ പ്രയാസം സൃഷ്ടിക്കും.
ദേശീയ മത്സര പരീക്ഷകളുടെ റാങ്കിംഗിന് ഹയർ സെക്കന്ററി പരീക്ഷാ മാർക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് മികച്ച രീതിയിൽ പൊതുപരീക്ഷ എഴുതാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. രണ്ട് വർഷത്തെ പഠനത്തിൻ്റെ അവസാനത്തിൽ നടക്കുന്ന പൊതുപരീക്ഷ പ്രഹസനമാകാതിരിക്കാൻ ഹയർ സെക്കണ്ടറി പരീക്ഷാ സമയം നാളിത് വരെ നടന്ന രീതിയിൽ രാവിലെ ആയി ക്രമീകരിക്കണമെന്ന് എച്ച്.എസ്.എസ്.റ്റി.എ ആവശ്യപ്പെട്ടു.
കൂടാതെ ശനിയാഴ്ചകളിൽ ക്രമീകരിച്ചിരിക്കുന്ന പരീക്ഷകൾ ചില പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. ആകെയുള്ള ഒമ്പത് പരീക്ഷകളിൽ ആറും ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യം മാത്രമുള്ള എസ്.എസ്.എൽ.സി പരീക്ഷ രാവിലെയായി ക്രമീകരിച്ച്, പതിനെട്ട് ദിവസങ്ങളിലായി നടക്കുന്ന മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ഹയർ സെക്കന്ററി പരീക്ഷകൾ എല്ലാം തന്നെ ഉച്ചതിരിഞ്ഞായി ക്രമീകരിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നോ എന്നത് പരിശോധിക്കേണ്ടതുണ്ട്.
വിവിധ വശങ്ങൾ പരിഗണിച്ച് ഹയർ സെക്കന്ററി പൊതു പരീക്ഷാ ടൈം ടേബിൾ പതിവ് പോലെ രാവിലെയായി പുന:ക്രമീകരിക്കണമെന്ന് എച്ച്.എസ്.എസ്.റ്റി.എ സംസ്ഥാന പ്രസിഡൻ്റ് കെ വെങ്കിടമൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം ജോർജ്, ട്രഷറർ റിയാസ് എം എന്നിവർ ആവശ്യപ്പെട്ടു.