നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സർക്കാർ
കാസർകോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സർക്കാർ. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ 100ലധികം പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ഏഴു പേർക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നയാൾക്കുമെതിരേ നീലേശ്വരം പൊലീസ് കേസെടുത്തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. നീലേശ്വരത്തിന് സമീപം കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ അപകടത്തിൽ 154 പേർക്കു പരുക്ക്. ഇവരിൽ എട്ടു പേരുടെ നില ഗുരുതരം.
21 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ഏഴു പേർക്ക് വെൻറിലേറ്ററിൻറെ സഹായം നൽകിയെന്നും അധികൃതർ. ഒരാളുടെ നില അതീവ ഗുരുതരം. അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണു പടക്കപ്പുരയ്ക്കു തീപിടിച്ചത്.
പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനു സമീപത്തു തന്നെയാണു പടക്കങ്ങൾ പൊട്ടിച്ചിരുന്നത്. ഇതിൽ നിന്നുള്ള തീപ്പൊരി വീണു പടക്കശേഖരം പൊട്ടിത്തറിക്കുകയായിരുന്നു.
തെയ്യം കാണാനും അനുഗ്രഹം തേടാനുമായി വൻ ജനക്കൂട്ടമാണു ക്ഷേത്രത്തിലുണ്ടായിരുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകട വ്യാപ്തി വർധിപ്പിച്ചു. പരുക്കേറ്റവരെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വെടിക്കെട്ടിന് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ പറഞ്ഞു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വ്യക്തമാക്കി.