ബാഴ്സലോണ: കാറ്റലോണിയ പാര്‍ലമെന്റ് സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബാഴ്സലോണയിലെ പ്രാദേശിക പാര്‍ലമെന്റ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്പെയിന് നീക്കം നടത്തുന്നതിനിടെയാണിത്.
മറ്റ് രാജ്യങ്ങള്‍ കാറ്റലോണിയയെ അംഗീകരിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. ബാഴ്സലോണ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കാനുള്ള നടപടികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചു. അതിനിടെ പുതിയ രാഷ്ട്രവുമായി സഹകരിക്കുന്ന വിഷയത്തില്‍ സ്പെയിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാറ്റലോണിയ വ്യക്തമാക്കി. അതിനിടെ, സംയമനം പാലിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ക്രമസമാധാനം സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്കി.
സ്പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഫ്രാന്‍സിനോട് ചേര്‍ന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ് ഘടനയുടെ നെടുംതൂണാണ്.
80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്പെയിനിലെ 16 ശതമാനം ജനങ്ങള്‍ താമസിക്കുന്നത്. സ്വതന്ത്ര രാഷ്ട്രമാകണം എന്ന കാറ്റലോണിയക്കാരുടെ ആവശ്യം പരിഗണിച്ച് അടുത്തിടെ ഹിതപരിശോധന നടന്നിരുന്നു. സ്പെയിന് സര്‍ക്കാര്‍ വോട്ടെടുപ്പു തടയാനുള്ള ശ്രമങ്ങള്‍ നടത്തി. ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്പാനിഷ് ഭരണഘടനാ കോടതി വിധിച്ചു. എന്നാല്‍ സ്പെയിനില്‍നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഹിതപരിശോധനയില്‍ 90 ശതമാനവും വിധിയെഴുതിയത്.