പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമജീവിതത്തിലായിരുന്നു.
1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെയും മകനായി ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എംബിബിഎസ് ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമില്‍ ജോലി ചെയ്തു. ഒട്ടേറെ നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലും മികവു തെളിയിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1980ൽ സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡ് എന്നിവയും 2010ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപും നേടി.
സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്‍ന്നെഴുതിയത്) എന്നിവയാണ് പ്രധാന നോവലുകള്‍ . അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍ , കുറേ സ്ത്രീകള്‍ , മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ‘നഷ്ടജാതകം’ എന്ന ആത്മകഥയും ‘ആത്മവിശ്വാസം വലിയമരുന്ന്’, ‘പുതിയ മരുന്നും പഴയ മരുന്നും’ തുടങ്ങിയ ലേഖനസമാഹാരങ്ങളും ‘വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍’ എന്ന യാത്രാവിവരണവും ശ്രദ്ധേയമായ രചനകളാണ്.
മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്കിയ എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ തന്നെ അപൂര്‍വമായ അലിഗഢ് കഥകളുമായി അദ്ദേഹം ആഖ്യാന സാഹിത്യത്തിലേക്ക് കടന്നുവന്നു. ആദ്യം മുതലേ അന്യാദൃശവും ആകര്‍ഷകവുമായ ഒരു ഭാഷാശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. മുഖ്യധാരയില്‍ ഇടം നേടാത്ത പ്രാദേശിക സ്വത്വങ്ങള്‍, ഭാഷ, ദേശം, വ്യക്തിത്വങ്ങള്‍ , ജീവിതാസക്തികള്‍ , ജീവിതാന്വേഷണങ്ങള്‍ എന്നിവ പുനത്തിലിന്റെ രചനകളെ കൂടുതല്‍ ആഴമുള്ളതാക്കിത്തീര്‍ത്തു. പ്രാദേശികമായ മുസ്ലിം ജീവിതപരിസരങ്ങള്‍ തൊട്ട് ആധുനിക നഗരജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങള്‍വരെ പുനത്തിലിന്റെ രചനകളില്‍ ലീനമാണ്.
‘കത്തി’യും ‘മലമുകളിലെ അബ്ദുള്ള’യും ‘അലിഗഢിലെ തടവുകാരും’ ‘ദുഃഖിതര്‍ക്ക് ഒരു പൂമര’വും പോലുള്ള ആദ്യകഥകള്‍ തന്നെ സരളതീക്ഷ്ണമായ ഭാഷകൊണ്ട് കേരളീയ വായനാസമൂഹത്തെ ആകര്‍ഷിച്ചു. തുടര്‍ന്നുള്ള നൂറിലേറെ കഥകളിലും വലുതും ചെറുതുമായ നോവലുകളിലും കഥകള്‍പോലെ മനോഹരമായ സ്മരണാഖ്യാനങ്ങളിലുംകൂടി തന്റേതു മാത്രമായ വായനക്കാരുടെ വന്‍ സമൂഹത്തെ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ , ഉറൂബ്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരുടെ പിന്തുടര്ച്ചയും നവീകരണവും കുഞ്ഞബ്ദുള്ളയുടെ സര്‍ഗപ്രപഞ്ചത്തിലുണ്ട്.
അലീമയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.