പിണറായിയാണ് മുഖ്യമന്ത്രി;ഡ്രൈവറുമൊത്ത് മദ്യപിച്ചെത്തിയ ഐ.ജിയെ പിടിച്ച് പൊലീസ്
അഞ്ചല്‍: മുഖ്യമന്ത്രി കസേരയില്‍ പിണറായിയായാല് സാധാരണ പൊലീസുകാരനും വീര്യം കൂടും.
‘കടവയെ കിടുവ’പിടിച്ച സാഹചര്യമായിരുന്നു ബുധനാഴ്ച വൈകീട്ട് അഞ്ചല്‍ പൊലീസ് സ്റ്റേഷനു സമീപം അരങ്ങേറിയത്.
മദ്യപിച്ച് ഔദ്യോഗിക വാഹനത്തിലെത്തിയ ക്രൈംബ്രാഞ്ച് ഐ.ജിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്താണ് അഞ്ചല്‍ പൊലീസ് പിണറായി പൊലീസായത്.
അഞ്ചല്‍ – തടിക്കാട് റോഡില്‍ പൊലീസ് സ്റ്റേഷനു സമീപം ഐ.ജിയുടെ ഓദ്യോഗിക വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട പൊലീസുകാരന് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഡ്രൈവറും ഐ.ജിയും മദ്യലഹരിയിലാണെന്ന് മനസ്സിലായത്.
ഉടന്‍ സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ എസ്.ഐയും സംഘവുമെത്തി ഡ്രൈവറെ മാറ്റി വാഹനത്തോടൊപ്പം ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
വൈദ്യ പരിശോധനയില്‍ ഇരുവരും മദ്യപിച്ചെന്ന് ബോധ്യമായതോടെ മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ സന്തോഷിനെതിരെ കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയാണുണ്ടായത്.
തുടര്‍ന്ന് ഐ.ജിയെ കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി.
നിയമം സാധാരണക്കാരനായാലും ഉന്നത ഐ.പി.എസുകാരനായാലും ഒരു പോലെ തന്നെ നടപ്പാക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ നടപടിയെന്നാണ് പൊലീസ് പറയുന്നത്.
സംഭവം അറിഞ്ഞ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാരും ഐജിക്ക് വേണ്ടി വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.
മുന്‍പ് സമാനമായ വിവാദത്തില്‍ എറണാകുളത്ത് ‘കുടുങ്ങിയ’ വ്യക്തിയാണ് ഈ വിവാദ ഐ.ജി.