സുരേന്ദ്രന്റെ ക്ഷണം തള്ളി മുരളീധരൻ
തൃശൂർ: പാർട്ടിയിലേക്ക് ക്ഷണിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് കെ മുകളീധരൻ.
പാർട്ടി അവഗണിച്ചാൽ താൻ പ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലിരിക്കുമെന്നും അല്ലാതെ ബി.ജെ.പിയിലേക്ക് പോവില്ലെന്നും മുരളീധരൻ പറഞ്ഞു. സുരേന്ദ്രന്റെ ക്ഷണം തമാശയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എന്തിനാണ് കോൺഗ്രസിന്റെ ആട്ടും തുപ്പും കൊണ്ട് അടിമയെപോലെ പാർട്ടിയിൽ തുടരുന്നതെന്നും ബി.ജെ.പിയിലേക്ക് സ്വാഗതം എന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.
പത്മജ ബി.ജെ.പിയിലായതിനാൽ അവര്‍ക്ക് എന്തും പറയാമെന്നും മുരളീധരൻ പറഞ്ഞു. താന്‍ കോണ്‍ഗ്രസിലാണ്. തന്റെ അമ്മയെ അനാവശ്യമായി ഒരു കാരണവശാലും വലിച്ചിഴയ്ക്കരുതെന്നും അമ്മ ഞങ്ങളുടെ വീട്ടിലെ വിളക്കാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അമ്മയെ കുറിച്ച് നല്ല വാക്കു പറഞ്ഞതിന് കെ സുരേന്ദ്രനോട് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന അൻവറിന്റെ ആവശ്യത്തിലും മുരളീധരൻ പ്രതികരിച്ചു.
അൻവറിന് വേണ്ടി യു.ഡി.എഫിന്റെ ഒരു സ്ഥാനാർത്ഥിയെയും പിൻവലിക്കില്ല. എം.എൽ.എയെന്ന നിലയിലും പൊതു പ്രവർത്തകനെന്ന നിലയിലും നിലമ്പൂരും, വണ്ടൂര്‍, ഏറനാട് പ്രദേശങ്ങളിൽ അദ്ദേഹത്തിന് സ്വാധീനമുണ്ട്.
വയനാട്ടിൽ അൻവർ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയങ്കയ്ക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നല്‍കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.
അതിനായി എല്ലാ വോട്ടുകളും സമാഹരിക്കും. വയനാട് ലോക്സഭ മണ്ഡലത്തിലെ ഒരു എംഎല്‍എ നിരുപാധികം പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചേലക്കരയിലും പാലക്കാടും അൻവറിന് സ്വീധീനമുണ്ടെന്ന് കരുതുന്നില്ല.
മത്സരിക്കണോ വേണ്ടയോ എന്നത് അദ്ദേഹം ചിന്തിക്കേണ്ടതാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ വെച്ച് വിലപേശുന്നത് ശരിയല്ല. ഒരു സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ആ സമുദായക്കാരെല്ലാം അത്ര വിഡ്ഡികളല്ല.
വിജയസാധ്യതയില്ലാത്ത ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് യു.ഡി.എഫിനെ പരാജയപ്പെടുത്തുന്ന ഒരു വിഡ്ഡിത്തരവും പാലക്കാട് ഒരു സമുദായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തീരുമാനം എടുത്തിട്ടില്ല. നവംബർ ഒന്ന്, രണ്ട്, ആറ് തീയതികളില്‍ വയനാട്ടില്‍ ഉണ്ടാവും. പാലക്കാടും ചേലക്കരയിലും പോകുമോയെന്നതില്‍ ഇപ്പോള്‍ തീരുമാനം പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.