പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി സരിൻ
പാലക്കാട്: കോൺഗ്രസ് പുറത്താക്കിയ പി സരിന് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഐക്യകണ്ഠേന അംഗീകരിച്ചു.
പാർട്ടി ചിഹ്നത്തിലാകും സരിൻ മത്സരിക്കുക. ഉടന്‍ ജില്ലാ കമ്മിറ്റിയിലും പേര് റിപ്പോര്‍ട്ട് ചെയ്യും. ഇന്ന് വൈകിട്ട് തന്നെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു.
സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും. അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെ ആദ്യമായി പാലക്കാട് എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് വൻവരവേൽപ് നൽകി മണ്ഡലത്തിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍.
കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഷാഫി പറമ്പില്‍ എം.പി തുടങ്ങിയ നേതാക്കളും രാഹുലിനെ സ്വീകരിക്കാന്‍ എത്തി.
കോണ്‍ഗ്രസ് നേതാവായിരുന്ന പി സരിന് കോൺഗ്രസിൽ സൃഷ്ടിച്ച പൊട്ടിത്തെറിക്കിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കാലുകുത്തിയത്.
എന്നാൽ പി സരിൻ കോൺഗ്രസിന് വെല്ലുവിളിയല്ലെന്ന നിലപാടിലാണ് നേതാക്കൾ. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.