രാഹുലിന് ഉജ്ജ്വല വരവേൽപ്പ് നൽകി കോൺഗ്രസ് പ്രവർത്തകർ
പാലക്കാട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് വൻ വരവേൽപ് നൽകി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ.
വൻ ജനാവലിയാണ് രാഹുലിനെ സ്വീകരിക്കാൻ ഡിസിസി ഓഫീസിന് മുന്നിൽ എത്തിയത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഷാഫി പറമ്പിൽ എം.പി തുടങ്ങിയ നേതാക്കളും രാഹുലിനെ സ്വീകരിക്കാൻ എത്തി.
കോൺഗ്രസ് നേതാവായിരുന്ന പി സരിൻ കോൺഗ്രസിൽ സൃഷ്ടിച്ച പൊട്ടിത്തെറിക്കിടയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കാലുകുത്തിയത്. എന്നാൽ പി സരിൻ കോൺഗ്രസിന് വെല്ലുവിളിയല്ലെന്ന നിലപാടിലാണ് നേതാക്കൾ.
തനിക്ക് കിട്ടിയതിനേക്കാൾ പതിനായിരം വോട്ടിൻറെ ഭൂരിപക്ഷം രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മണ്ഡലത്തിൽ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ജില്ലയിലെ മുഴുവൻ നേതാക്കളെയും വിളിക്കുമ്പോൾ പി.സരിനെയും താൻ വിളിച്ചിരുന്നുവെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നുവെന്നും പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.
ഒരു രാഷ്ട്രീയ പ്രവർത്തകൻറെ മൂലധനം വിശ്വാസ്യതയാണ്. സരിൻ പറയാതെ അദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കിയാൽ ഇന്നലകളിൽ എതിർത്തിട്ടുള്ളത് പോലെ ഇന്നും ഞാൻ അദേഹത്തിന് വേണ്ടി എതിർക്കും. ബുധനാഴ്ച അദേഹം സംസാരിക്കുമ്പോഴും കോൺഗ്രസ് പാർട്ടിയെ കുറിച്ചുള്ള ആശങ്കയാണ് പറയുന്നത്.
അങ്ങനെ പറഞ്ഞൊരു മനുഷ്യനെ, അയാളുടെ രാഷ്ട്രീയ സത്യസന്ധതയെ അയാൾ പറയാതെ ചോദ്യം ചെയ്യുന്നതിനേക്കാൾ ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ. സരിൻ പാലക്കാട് മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. അദേഹത്തിൻറെ ആശങ്കകൾ പരിഹരിക്കേണ്ടത് താനല്ല പാർട്ടിയാണെന്നും രാഹുൽ പറഞ്ഞു.