സൽമാൻ ഖാനെ കൊല്ലാൻ ക്വൊട്ടേഷൻ
ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നവി മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിനടുത്തു വച്ച് സൽമാനെ കൊല്ലാൻ ബിഷ്ണോയ് സംഘം 25 ലക്ഷം രൂപയുടെ ക്വൊട്ടേഷനാണ് നൽകിയിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
അഞ്ച് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ജയിലിൽ കഴിയുന്ന ഗൂണ്ടാ നേതാവ് ലോറന്സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘം, 18 വയസിൽ താഴെയുള്ളവരെ ഉപയോഗിച്ച് കൊലപാതകം നടത്താൻ പദ്ധതിയിട്ടിരുന്നു.
ക്വൊട്ടേഷൻ നടപ്പാക്കാൻ വാടകയ്ക്ക് എടുക്കപ്പെട്ട കൗമാരക്കാർ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒളിവിലാണെന്നും പൊലീസ്. കൊലപാതകം നടത്താൻ എ.കെ 47, എ.കെ 92, എം 16 തോക്കുകൾ പാക്കിസ്ഥാനിൽ നിന്ന് വാങ്ങാൻ പ്രതികൾ ശ്രമിച്ചിരുന്നു.
ഇതുകൂടാതെ, പഞ്ചാബി ഗായകൻ സിധു മൂസെവാലയെ കൊല്ലാൻ ഉപയോഗിച്ച തുർക്കി-നിർമിത സിഗാനയും വാങ്ങാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. സൽമാൻ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ 60 - 70 പേരെ നിയോഗിച്ചിരുന്നു.
ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീടിന്റെയും, പൻവേലിലെ ഫാം ഹൗസിന്റെയും, ഗോരെഗാവ് ഫിലിം സിറ്റിയുടെയും സമീപത്തായിരുന്നു കൂടുതലാളുകളും. 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണ് വധിക്കാനുള്ള ഗൂഢാലോചന നടത്തിയത്.
ഹരിയാനയിലെ പാനിപ്പത്തിൽ അറസ്റ്റിലായ സുഖയാണ് എകെ എന്ന അജയ് കശ്യപിനെയും മറ്റു നാലു പേരെയും ദൗത്യം ഏൽപ്പിച്ചത്. സൽമാൻ ഖാന് ലഭ്യമായ കർക്കശ സുരക്ഷയും ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളും കണക്കിലെടുത്ത് അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് കൃത്യം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഡോഗർ എന്ന പാക്കിസ്ഥാനിലെ ആയുധ കച്ചവടക്കാരനെ വീഡിയോ കോളിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ വിലയുടെ പകുതി മുൻകൂറായും ബാക്കി സാധനം കിട്ടിയിട്ടും നൽകാമെന്നായിരുന്നു കരാർ. ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൂണ്ടാ നേതാവ് ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് എന്നിവരുടെ നിർദേശം കാത്തിരിക്കുകയായിരുന്നു വാടക കൊലയാളികളെന്നും കുറ്റപത്രത്തിൽ പറയുന്നു.
സൽമാൻ ഖാനെ വധിച്ച ശേഷം, ഇതിൽ നേരിട്ട് പങ്കെടുത്തവർ കന്യാകുമാരിയിൽ എത്താനായിരുന്നു പരിപാടി. അവിടെ നിന്ന് ബോട്ടിൽ ശ്രീലങ്കയിലേക്കു പോകുകയും, അവിടെ നിന്ന് ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കടക്കാനുമാണു തീരുമാനിച്ചിരുന്നത്. സൽമാന്റെ ബാന്ദ്രയിലെ വീടിനു പുറത്തുണ്ടായ വെടിവയ്പ്പിനെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പൻവേൽ ഫാം ഹൗസിൽ വച്ച് അദ്ദേഹത്തെ കൊല്ലാനുള്ള ഗൂഢാലോചനയുടെ വിശദാംശങ്ങളിലേക്ക് പൊലീസിനെ നയിച്ചത്.