ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പദ്ധതികളുമായി മഹാരാഷ്ട്ര സർക്കാർ: മദ്രസ അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പദ്ധതികളുമായി മഹാരാഷ്ട്ര സർക്കാർ.
മദ്രസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷൻറെ പ്രവർത്തന മൂലധനവും വർധിപ്പിക്കാൻ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഡി.എഡ് യോഗ്യതയുള്ള പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 6,000 രൂപയിൽ നിന്ന് 16,000 രൂപയായാണ് വർധിപ്പിക്കുക. ബി.എഡ് ബിരുദമുള്ള സെക്കൻഡറി സ്കൂൾ അധ്യാപകരുടെ പ്രതിമാസ ശമ്പളം 8,000 രൂപയിൽ നിന്ന് 18,000 രൂപയായി വർധിപ്പിക്കും.
സാകിർ ഹുസൈൻ മദ്റസ നവീകരണ പദ്ധതി പ്രകാരം മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകാൻ മദ്റസകൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. സയൻസ്, ഗണിതം, സോഷ്യോളജി വിഷയങ്ങളും ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, ഉറുദു ഭാഷകളുമാണ് ഇതിൻറെ ഭാഗമായി മദ്റസകളിൽ പഠിപ്പിക്കുന്നത്.
ഇതിനായി നിയമിച്ച അധ്യാപകർക്കാണ് ശമ്പളം വർധിപ്പിച്ചത്. മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷൻറെ പ്രവർത്തന മൂലധനം 600 കോടിയിൽ നിന്ന് 1,000 കോടി രൂപയായി ഉയർത്താനുള്ള നിർദേശവും സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അവതരിപ്പിച്ചു.
ഈ തുക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്കായി വായ്പ നൽകാൻ ഉപയോഗിക്കും. ഇതുകൂടാതെ, വിവിധ സമുദായങ്ങൾക്കായി ക്ഷേമ സഹകരണ ബോർഡുകൾ രൂപീകരിക്കാനുള്ള നിർദ്ദേശവും ഷിൻഡെ മന്ത്രിസഭ പാസാക്കി.
ആദിവാസി ക്ഷേമ ബോർഡുകൾക്കുള്ള നിക്ഷേപ മൂലധനം സർക്കാർ വർധിപ്പിച്ചു. ഷിമ്പി, ഗവാലി, ലാഡ് ഷാകിയ-വാനി, ലോഹർ, നാം പന്ത് സമുദായങ്ങൾക്കാണ് സഹകരണ ബോർഡുകൾ രൂപീകരിക്കുക. വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിന് ഓരോ സഹകരണ ബോർഡിനും 50 കോടി രൂപ നിക്ഷേപ മൂലധനമായി നൽകും.