ഡിജി കേരളം പഠിതാക്കളുടെ പരിശീലനവും ഇവാല്യൂവേഷനും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് പ്രൊഫ. എ.ജി ഒലീന
തൊടുപുഴ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിയിൽ സർവ്വേയിലൂടെ കണ്ടെത്തിയ ഇടുക്കി ജില്ലയിലെ പഠിതാക്കളുടെ പരിശീലനവും ഇവാല്യൂവേഷനും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി ഒലീന നിർദ്ദേശിച്ചു.
ഇടുക്കി ജില്ലയിലെ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ച് ചേർത്ത സാക്ഷരതാ പ്രേരക്മാരുടെയും ജീവനക്കാരുടെയും ആർ.പിമാരുടെയും അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. തദ്ദേശ സ്ഥാപനങ്ങളിൽ സർവ്വേയിലൂടെ കണ്ടെത്തിയ പഠിതാക്കളുടെ പരിശീലനം ഒക്ടോബർ 15 നകം പൂർത്തീകരിക്കുന്നതിന് സാക്ഷരതാ പ്രേരക്മാരും വോളണ്ടിയർമാരും അടിയന്തിര പ്രാധാന്യം നല്കണം.
ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്കായി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം വേണം പഠിതാക്കൾക്ക് പരിശീലനം നല്കാൻ. പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ ഇവാല്യൂവേഷൻ വേഗത്തിലാക്കണം. പദ്ധതി പ്രവർത്തനങ്ങളിൽ പിന്നാക്കം നില്ക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപന മേധാവികളുടെ അടിയന്തിര ഇടപെടൽ വേണം.
സർക്കാർ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ തന്നെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്താൻ കഴിയുംവിധം പ്രവർത്തനങ്ങൾ നിശ്ചയിക്കണമെന്നും പ്രൊഫ. എ.ജി ഒലീന നിർദ്ദേശിച്ചു.
ജില്ലയിൽ ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം പദ്ധതി തയ്യാറാക്കുമെന്നും ഇക്കാര്യത്തിൽ നിയമ സമിതിയുടെ ശുപാർശകൾ പരിഗണിച്ച് വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും ശില്പശാല സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം, അസിസ്റ്റന്റ് കോർഡിനേറ്റർ ജമിനി ജോസഫ്, ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ, ആർ.പിമാർ എന്നിവർ പങ്കെടുത്തു.