ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു
നല്ല മാനസികാരോഗ്യത്തിന്റെ 15 ലക്ഷണങ്ങൾ
എന്താണ് നല്ല മാനസികാരോഗ്യം? നല്ല മാനസികാരോഗ്യം എന്നത് ഒരു വ്യക്തിക്ക് സമ്മർദ്ദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും കാര്യക്ഷമമായി പ്രവർത്തിക്കാനും ബന്ധങ്ങൾ നിറവേറ്റുന്നതിൽ ഏർപ്പെടാനും അവരുടെ സമൂഹത്തിന് സംഭാവന നൽകാനും കഴിയുന്ന ക്ഷേമത്തിൻ്റെ അവസ്ഥയെ സൂചിപ്പിക്കുന്നു. മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല, ജീവിത വെല്ലുവിളികളെ സമചിത്തതയോടെ നേരിടാനും സന്തുലിതാവസ്ഥ നിലനിർത്താനും വൈകാരികവും മാനസികവുമായ സ്ഥിരത അനുഭവിക്കാനും ഒരു വ്യക്തിയെ അനുവദിക്കുന്ന ഭാവാത്മക സ്വഭാവങ്ങളുടെ സാന്നിധ്യം ഇതിൽ ഉൾപ്പെടുന്നു.
നല്ല മാനസികാരോഗ്യം എന്നാൽ മാനസിക രോഗങ്ങളുടെ അഭാവമാണെന്ന് കരുതുന്നതിൽ തെറ്റില്ല. മാനസികാരോഗ്യത്തെപ്പററി ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചനം ഇപ്രകാരമാണ്: “വ്യക്തി തൻ്റെ കഴിവുകൾ തിരിച്ചറിയുകയും, ജീവിതത്തിലെ സാധാരണ സമ്മർദങ്ങളെ നേരിടുകയും, ഉൽപ്പാദനപരമായും ഫലപ്രദമായും പ്രവർത്തിക്കുവാൻ കഴിവുള്ളവരാവുകയും താൻ ജീവിക്കുന്ന സമൂഹത്തിന് എന്തെങ്കിലും സംഭാവന നൽകുവാൻ ശേഷിയുള്ളവരാകയും ചെയ്യുന്ന ഒരു ക്ഷേമാവസ്ഥയാണ്."
മേൽപ്പറഞ്ഞ നിർവചനത്തിൽ, ഒരു വ്യക്തിക്ക് ജീവിതത്തിൻ്റെ സമ്മർദ്ദങ്ങളെ നേരിടാൻ കഴിയണമെന്ന് WHO പ്രസ്താവിക്കുന്നു. ഇത് വളരെ നിർണായകമാണ്, കാരണം ജീവിതം പ്രവചനാതീതമാണ്, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് നമ്മുടെ മാനസികാവസ്ഥയും മാറും. അവിച്ഛന്നിത മാനസികാരോഗ്യ (Mental Health Continuum) മാതൃക അനുസരിച്ച്, മാനസികാരോഗ്യവും മാനസിക രോഗങ്ങളും ഒരു രേഖീയ ശ്രേണിയുടെ രണ്ട് ധ്രുവങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. നമ്മുടെ മാനസിക കഴിവുകൾ, ശാരീരിക കഴിവുകൾ, ബാഹ്യ ചുറ്റുപാടുകൾ എന്നിവയെ ആശ്രയിച്ച് നമ്മുടെ മാനസികാരോഗ്യത്തിന്റെ ചലനം മുകളിലേക്കും താഴേക്കും നീങ്ങിക്കൊണ്ടിരിക്കും.
മൂന്ന് വ്യത്യസ്തമായ തലങ്ങളിലാണ് മാനസികാരോഗ്യ സ്ഥാനങ്ങൾ നിർണ്ണയിക്കപ്പെടുന്നത്.
ആരോഗ്യകരമായ സ്ഥാനം: ഈ ഘട്ടത്തിലുള്ള വ്യക്തികൾ സാധാരണയായി അവരുടെ ജീവിതത്തിൽ സംതൃപ്തരാണ്. അവർ വൈകാരികമായി സന്തുലിതരും ചിന്തകളിലും പ്രവർത്തികളിലും സ്ഥിരതയുള്ളവരും എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുമുണ്ട് അവരുടെ മുൻപിൽ.
പ്രശ്ന സ്ഥാനം: ഇവരുടെ സ്ഥാനം രണ്ടു തീവ്രതകളുടെ മധ്യത്തിലാണ്. ഈ ഘട്ടത്തിലുള്ള വ്യക്തികളുടെ ജീവിതം വേദനാജനകമാണ്. അവർക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ കഴിയില്ല. എന്നിരുന്നാലും, ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഇവർ പ്രാപ്തരാണ്.
ദൗർമനസ്യ സ്ഥാനം: മാനസികാരോഗ്യത്തെ അളക്കുന്ന അളവുകോലിന്റെ അവസാനത്തെ അറ്റത്താണ് ഇവരുടെ സ്ഥാനം, പേര് സൂചിപ്പിക്കുന്നത് പോലെ, ക്രമത്തിൻ്റെ ഈ വശത്ത് ജീവിക്കുന്ന വ്യക്തികൾക്ക് സമ്മർദ്ദത്തെ നേരിടാനും അവരുടെ ചിന്തയിലും പ്രവർത്തനത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങൾ കാണിക്കുവാനും കഴിയില്ല.
മാനസികാരോഗ്യ തുടർച്ചയുടെ ആരോഗ്യകരമായ ഏത് സ്ഥാനത്താണ് നിങ്ങൾ നിൽക്കുന്നതെന്ന് അറിയുവാൻ നല്ല മാനസികാരോഗ്യത്തിൻ്റെ ലക്ഷണങ്ങൾ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
- മാനസികാരോഗ്യത്തിലെ മാറ്റങ്ങൾ സ്വാഭാവികമാണെന്ന് നിങ്ങൾ അംഗീകരിക്കുന്നുവരാണോ? ജീവിതം എന്നും ഒരു നേർവഴിയിലല്ല നീങ്ങുന്നതെന്നും നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടാകുമെന്നും അംഗീകരിക്കാൻ നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ ജീവിതത്തിൻ്റെ ഗതിയിൽ നിങ്ങൾക്ക് ദുഃഖം, ഉത്കണ്ഠ, സന്തോഷം, സംതൃപ്തി മുതലായവയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകുമെന്ന യാഥാർത്ഥ്യബോധം നിങ്ങൾക്കുണ്ടോ?
- നിങ്ങളുടെ മൂല്യങ്ങൾക്കനുസൃതമായി ജീവിതം നയിക്കുകയും അതിനെക്കുറിച്ച് നല്ല അനുഭവം നേടുകയും ചെയ്യുന്നവരാണോ നിങ്ങൾ ? ജീവിതത്തിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങളും മുൻഗണനകളും നിങ്ങൾക്കറിയാമോ? അതിനെക്കുറിച്ച് എളുപ്പത്തിൽ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങളെക്കുറിച്ചും നിങ്ങൾ ജീവിക്കുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ചും ഭവാത്മകമായ വീക്ഷണം നിങ്ങൾക്കുണ്ടോ?
- സ്വന്തമായ ഒരു അവബോധം നിങ്ങൾക്ക് ഉണ്ടോ? ഈ ലോകത്ത് നിങ്ങൾക്കു ഒരു സ്ഥാനം ഉണ്ടെന്ന് നിങ്ങൾ കരുതുന്നുവോ? നിങ്ങൾക്ക് ഈ ജീവിതത്തിൽ നിങ്ങളുടെ മൂല്യം ഉറപ്പുനൽകുന്ന ശക്തമായ സാമൂഹ്യബോധവും, ആത്മീയ ശക്തിയുമുണ്ടെന്ന് കരുതുന്നവരാണോ നിങ്ങൾ?
- നിങ്ങൾ നേരിടുന്ന ദൈനംദിന അനുഭവങ്ങളിൽ നിന്ന് എളുപ്പത്തിൽ പഠിക്കുവാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? നിങ്ങൾ ജീവിതത്തിൻ്റെ ഉയർച്ച, താഴ്ചകൾ അംഗീകരിക്കുവാനും ഈ അനുഭവങ്ങളിൽ അവ നല്കുന്ന സന്ദേശങ്ങൾ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുറുണ്ടോ? ഒരേ അനുഭവങ്ങൾ തന്നെ വീണ്ടും സംഭവിക്കുമ്പോൾ അവയെ ഉൾക്കൊള്ളുവാൻ നിങ്ങൾ കൂടുതൽ മാനസികമായി വളർന്നവരും തയ്യാറുളളവരാണോ?.
- എപ്പോൾ "ഇല്ല" എന്ന് പറയണമെന്ന് നിങ്ങൾക്കറിയാം? നിങ്ങൾ ഏറ്റുമുട്ടൽ ഇഷ്ടപ്പെടുകയോ, ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നവരായിരിക്കാം. എന്നാൽ നിങ്ങളുടെ വ്യക്തിജീവിതത്തിലോ, ഔദ്യോഗിക ജീവിതത്തിലോ ആരെങ്കിലും അതിരു കടന്നാൽ "ഇല്ല" എന്ന് പറയേണ്ടത് എപ്പോൾ എന്ന് നിങ്ങൾക്കറിയാമോ?
- നിങ്ങൾക്ക് ആരോഗ്യകരമായ ബന്ധങ്ങളുണ്ടോ? നിങ്ങൾ സ്വയം വിലമതിക്കുന്നതിനാൽ, നിങ്ങളുടെ അടുത്തുള്ള ആളുകളുടെ സ്നേഹം, സമയം, പരിശ്രമം എന്നിവ എങ്ങനെ വിലമതിക്കണമെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങളുടെ സഹപ്രവർത്തകരുമായും ശക്തവും സത്യസന്ധവുമായ ബന്ധം സ്ഥാപിക്കുവാനും നിലനിർത്താനും കഴിവുള്ളവരാണോ നിങ്ങൾ?
- നിങ്ങൾ നല്ല ആത്മവിശ്വാസമുള്ളവരാണോ? മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്നതിനെയോ, ജീവിതത്തിൽ നിങ്ങൾ എത്രത്തോളം വിജയം നേടുന്നു എന്നതിനെയോ ആശ്രയിച്ചല്ല, നിങ്ങളുടെ ആത്മാഭിമാനം എന്ന് ബോധ്യമുള്ളവരാണോ നിങ്ങൾ? നിങ്ങളുടെ സ്വന്തം മൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുന്നവരും നിങ്ങളുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി ആളുകളോ വസ്തുക്കളോ ചൂഷണം ചെയ്യാത്തവരാണോ നിങ്ങൾ?
- നിങ്ങൾ സ്വയം സ്വീകാര്യതയും സ്വയം മെച്ചപ്പെടുത്തലും തമ്മിൽ നല്ല സന്തുലിതാവസ്ഥ കൈവരിച്ചവരാണോ? അയഥാർത്ഥമായ പ്രതീക്ഷകളുടെ നിരാശ ഒഴിവാക്കാൻ സഹായിക്കുന്ന നിങ്ങളുടെ പരിമിതികൾ നിങ്ങൾക്കറിയാമോ? അതേ സമയം, നിങ്ങൾ നിങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുവാൻ ശക്തി കണ്ടെത്തുന്നവരും അതിൽ മുന്നോട്ട് പോകാനാകുന്നവരുമാണോ?
- നിങ്ങൾ എല്ലാറ്റിനോടും എല്ലാവരോടും സദാ നന്ദിയുള്ളവരാണോ? നിങ്ങൾ എല്ലാ ദിവസവും നിങ്ങളുടെ അനുഗ്രഹങ്ങൾ എണ്ണുകയും ജീവിതത്തിൽ സന്തോഷിക്കുകയും ചെയ്യുന്നവരാണോ?
- ജീവിതത്തിൽ നിങ്ങൾക്ക് ലഭിച്ച അവസരങ്ങളും ജീവിതാനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളുമായി മുന്നോട്ട് പോകാനുമുള്ള അവസരങ്ങളായാണോ നിങ്ങൾ നിങ്ങളുടെ പ്രയാസങ്ങളായി കാണുന്നത്?
- നിങ്ങൾ മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുന്നവരും അത് ആഘോഷമാക്കുവാൻ കഴിയുന്നവരുമാണോ? ഒരാൾ വിജയം നേടുമ്പോൾ നിങ്ങൾക്ക് ആത്മാർത്ഥമായി സന്തോഷം തോന്നാറുണ്ടോ?
- സമ്മർദ്ദം, പ്രതികൂല സാഹചര്യങ്ങൾ, അല്ലെങ്കിൽ തിരിച്ചടികൾ എന്നിവയിൽ നിന്ന് തളരാതെ തിരിച്ചുവരാനുള്ള പ്രതിരോധശേഷിയുളളവരാണോ നിങ്ങൾ?
- എത്രമാത്രം സ്വയം സ്വീകാര്യതയുളളവരാണ് നിങ്ങൾ? അമിതമായ ആത്മവിമർശനമില്ലാതെ, നിങ്ങളിലെ ശക്തിയും ബലഹീനതയും ഉൾപ്പെടെ, സ്വയം യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവാൻ നിങ്ങൾക്കു സാധിക്കുമോ?
- ശുഭാപ്തിവിശ്വാസവും ഭാവാത്മകതയും നിറഞ്ഞവരാണോ നിങ്ങൾ? ജീവിതത്തെയും ഭാവിയെയും കുറിച്ച് അനുദിനം ഭാവാത്മക വീക്ഷണവും പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും അർത്ഥവും ലക്ഷ്യവും കണ്ടെത്താനുള്ള കഴിവും നിങ്ങൾക്കുണ്ടോ?
- വ്യക്തമായ ചിന്തയും ശ്രദ്ധയും നിങ്ങൾക്കുണ്ടോ? നിഷേധാത്മകമായ വികാരങ്ങളാൽ തളർന്നുപോകാതെ, മങ്ങിയ ചിന്തകളിൽ സംഭ്രമിക്കാതെ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യക്തമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുളളവരാണോ നിങ്ങൾ?
നല്ല മാനസികാരോഗ്യം കൈവരിക്കുവാനും നിലനിർത്തുവാനും നിരവധി മാർഗങ്ങളുണ്ട്. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ പിന്തുടരാൻ എളുപ്പമുള്ള ചില മാനസികാരോഗ്യ നുറുങ്ങുകൾ ഇതാ.
വികാരങ്ങളെക്കുറിച്ചുള്ള അവബോധം നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് തികഞ്ഞ അവബോധം നിലനിർത്താനും ആശയവിനിമയം നടത്തുവാനും ശീലിക്കുക. നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതിനെക്കുറിച്ച് നിങ്ങളോട് തന്നെയും നിങ്ങളുടെ സുഹൃത്തുക്കളോടും സംസാരിക്കുന്നത് നല്ലതാണ്. വാസ്തവത്തിൽ, ഇത് നമ്മുടെ തൊഴിൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
മാനസികാരോഗ്യത്തിനുള്ള വ്യായാമം നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ, നിങ്ങളുടെ ശരീരം എൻഡോർഫിൻസ് എന്ന രാസവസ്തുക്കൾ പുറത്തുവിടുന്നുണ്ടെന്ന വസ്തുത നിങ്ങൾക്കറിയാമല്ലോ. അത് ശരീരത്തിൽ നല്ല വികാരം ഉണ്ടാക്കുന്നു. പതിവ് വ്യായാമം നിങ്ങളെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നന്നായി ഉറങ്ങാനും നിങ്ങളുടെ ആത്മാഭിമാനം വർദ്ധിപ്പിക്കാനും സഹായിക്കും.
നിത്യേനയുള്ള ധ്യാനം മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് നിത്യേനയുള്ള അവധാന പൂർവ്വ ധ്യാനം നിങ്ങളെ സഹായിക്കും. രാവിലെയും വൈകിട്ടും ധ്യാന പരിശീലനം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.
നല്ല ഭക്ഷണക്രമം പിന്തുടരുക നിങ്ങളുടെ മസ്തിഷ്കം നന്നായി പ്രവർത്തിക്കാൻ നല്ല പോഷകങ്ങൾ ആവശ്യമാണ്. പുതിയ പഴങ്ങളും പച്ചക്കറികളും, മെലിഞ്ഞ പ്രോട്ടീൻ, പരിപ്പ്, വിത്തുകൾ എന്നിവ തിരഞ്ഞെടുക്കുക. കൃത്രിമമായി സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക.
ഒരു ഇടവേളകൾ എടുക്കുക നമ്മുടെ മാനസികവും ശാരീരികവുമായ ഊർജ്ജം വീണ്ടെടുക്കുവാൻ ദിവസത്തിൽ പല പ്രാവശ്യം ഇടവേളകൾ എടുക്കുന്നത് വളരെ ഉപകാരപ്രദമാണ്. ഇടയ്ക്കിടയ്ക്ക് ഒന്നും ചെയ്യാതിരിക്കാൻ പരിശീലിക്കുക. ഇതിനായി ഒരു പുസ്തകം വായിക്കുക, സംഗീതം കേൾക്കുക, പ്രകൃതിയിൽ കൂടുതൽ സമയം ചിലവഴിക്കുക, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട വിഭവം പാചകം ചെയ്യുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ പൂർണ്ണ ശ്രദ്ധയോടും സന്തോഷത്തോടും കൂടെ ചെയ്യുവാൻ അവധാനപൂർവ്വം ശീലിക്കുക.
ഒരു നാൾവഴി സൂക്ഷിക്കുക നിങ്ങളുടെ ചിന്തകൾ, സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ, അഭിലാഷങ്ങൾ, ഏറ്റവും പ്രധാനമായി നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ എന്നിവയെയെല്ലാം എഴുതുന്നത് ശീലമാക്കുക. നിങ്ങളുടെ ജീവിതത്തിൽ നല്ല നിയന്ത്രണം നേടാനും നിങ്ങളെ സ്ഥിരതയുള്ളവരാക്കാവാനും ഇതു സഹായിക്കും.
നല്ല മാനസികാരോഗ്യം മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല, ആന്തരിക ശക്തിയുടെയും മൂല്യങ്ങളുടെയും സാന്നിധ്യം കൂടിയാണ്, അത് നിങ്ങളെ ആത്മവിശ്വാസവും ജീവിതത്തിൽ സംതൃപ്തവുമാക്കും.
എല്ലാവർക്കും നല്ല മാനസികാരോഗ്യം നിറഞ്ഞ ശുഭദിനം!