ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍; വിലക്ക് നീക്കാന്‍ കോടതിയെ സമീപിക്കും;
ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ ആകും സമീപിക്കുക. അന്തിമ തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും. നിയമവശങ്ങള്‍ പരിശോധിക്കാന്‍ എജിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് രംഗത്തെത്തിയിരുന്നു. കോടതി വിധി യുക്തിരഹിതമാണെന്ന് സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ ഇല്ലെങ്കില്‍ തീവ്രവാദികളും മാഫിയകളും ക്യാമ്പസില്‍ പിടിമുറുക്കും. സത്യാഗ്രഹം പാടില്ലെന്ന അഭിപ്രായം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സ്പീക്കര്‍ പറഞ്ഞു. സൂര്യന് കീഴിലുള്ള എല്ലാത്തിലും തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതിയല്ല. അങ്ങനെ കോടതി വിചാരിക്കുന്നുണ്ടെങ്കില് അത് അസംബന്ധമാണെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
അതേസമയം മാതാപിതാക്കള്‍ കുട്ടികളെ കോളെജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നാണ് ഹൈക്കോടതിയുടെ അഭിപ്രായം. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം തകരരുത്. ഇത് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിര്‍ദ്ദേശിച്ചു. കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കോളെജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിനെതിരെ പൊന്നാനി എംഇഎസ് കോളെജ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പഠിക്കാന്‍ സമാധാനപരമായ അന്തരീക്ഷം അക്കാദമിക്ക് ഉണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു.
എംഇഎസ് കോളെജിൽ പന്തൽ കെട്ടി സമരം ചെയ്യുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ കോളെജ് അധികൃതർ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത്തരം സമരങ്ങൾ അനുവദിക്കാൻ പാടില്ല, കോളെജ് അധികൃതർ ആവശ്യപ്പെട്ടാൽ പൊലീസ് ഇടപെട്ടു കോളെജിനുള്ളിലും പുറത്തുമായുള്ള ഇത്തരം സമരപ്പന്തലുകൾ നീക്കം ചെയ്യേണ്ടതാണ്. പഠനവും സമരവും ഒന്നിച്ചുപോകില്ല. ഇവ ഒന്നിച്ചുകൊണ്ടുപോകുന്നവരെ പുറത്താക്കാൻ ഏതു നടപടിയും കോളെജ് അധികൃതർക്കു സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.