മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ അമിത് ഷാ
ന്യൂഡൽഹി: നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം അരോചകവും അപമാനകരവുമാണെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ.
അദ്ദേഹത്തിന്റെ വ്യക്തിപരമായ ആരോഗ്യ പ്രശ്നത്തിൽ അനാവശ്യമായ മോദിയുടെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കോൺഗ്രസ് നേതാക്കൾക്ക് മോദിയോട് എത്രത്തോളം ഭയവും വെറുപ്പുമുണ്ടെന്നാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിസ്റ്റർ ഖാർഗെ ജി, അങ്ങയുടെ ആരോഗ്യത്തെത്തിനായി മോദി ജി പ്രാർഥിക്കുന്നുണ്ട്, ഞാനും പ്രാർഥിക്കുന്നു, ഞങ്ങൾ എല്ലാവരും പ്രാർഥിക്കുന്നു, അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ. അദ്ദേഹം വർഷങ്ങളോളം ജീവിക്കട്ടെ, ഒരു വിക്ഷിത് ഭാരതത്തിന്റെ സൃഷ്ടി കാണാൻ അദ്ദേഹം ജീവിക്കട്ടെയെന്നും ഖാർഗെ കുറിച്ചു.
പ്രധാനമന്ത്രിയെ താഴെയിറക്കിയതിനു ശേഷം മാത്രമേ മരിക്കൂ എന്നായിരുന്നു ഖാർഗെയുടെ പരാമർശം. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഞായറാഴ്ചയായിരുന്നു സംഭവം.
വേദിയിൽ പ്രസംഗിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പ്രസംഗം തുടരാനാവാതെ വേദിയിൽ നിന്നും മടങ്ങുകയും പിന്നീട് തിരിച്ചെത്തി മോദിക്കെതിരേ ആഞ്ഞടിക്കുകയുമായിരുന്നു.
താൻ മോദിയെ താഴെയിറക്കിയ ശേഷം മാത്രമേ മരിക്കൂ എന്നായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം. ഇതിനെതിരേയാണ് അമിത് ഷാ രംഗത്തെത്തിയത്.