ടൂറിസം സമ്മിറ്റ് വിളിച്ച് കൂട്ടുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് സണ്ണി ഇലഞ്ഞിക്കൽ
ഇടുക്കി: മൂന്നാറിലെ ടൂറിസം മേഖല നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കുന്നതിന് കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് നേതൃത്വത്തിൽ ടൂറിസം സമ്മിറ്റ് വിളിച്ച് കൂട്ടുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് സണ്ണി ഇലഞ്ഞിക്കൽ അറിയിച്ചു.
ട്രൂറിസം വർക്കേഴ്സ് കോൺഗ്രസ് പ്രസിഡൻ്റ് കൂടിയായ ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ, മുൻ എം.എൽ.എ എ.കെ മണി നേതൃത്വത്തിലായിരിക്കും ഇത്. രാജ്യത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി മൂന്നാർ വികസിച്ചുവെങ്കിലും അതനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചിട്ടില്ല.
ടൂറിസം മാസ്റ്റർ പ്ലാൻ ഇല്ലാത്തത് വലിയ ദോഷം വരുത്തുന്നു. അതിഥികൾ നിരാശരായി മടങ്ങുകയോ അടുത്ത പ്രദേശങ്ങളിലേക്ക് പോകുകയോ ചെയ്യുന്നു. സഞ്ചാരികൾക്ക് സംതൃപ്തിയും മൂന്നാറുകാർക്ക് ജീവനോപാധിയുമെന്ന നിലയിലേക്ക് ടൂറിസം മാറണം.
മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, വട്ടവട പഞ്ചായത്തുകളുടെ കലാവസ്ഥയും ഭൂപ്രകൃതിയും സമാനമായതിനാൽ ഈ പ്രദേശങ്ങളെ ഒരു ക്ലസ്റ്ററായും മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളെയും പള്ളിവാസൽ, മാങ്കുളം, ബൈസൺവാലി തുടങ്ങിയ പഞ്ചായത്തുകളെയും വെവ്വേറെ ക്ലസ്റ്ററുകളായും മാസ്റ്റർ പ്ലാൻ തയ്യാറാക്കണം.
ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ, ഹോട്ടലുകൾ, എന്നിവരുടെ പ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവരെ സമ്മിറ്റിൽ പങ്കെടുപ്പിക്കുമെന്ന് സണ്ണി അറിയിച്ചു. ടൂറിസവും സമാധാനവുമെന്ന ലോക ടൂറിസം ദിന സന്ദേശം ഉൾക്കൊണ്ടായിരിക്കും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുക.