ഉത്തർപ്രദേശിൽ അധ്യാപകൻ എറിഞ്ഞ വടികൊണ്ട് വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു
യു.പി: അധ്യാപകൻ എറിഞ്ഞ വടി കൊണ്ട് വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആദിത്യ കുശ്വാഹയെന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ലഖ്നൗവിലെ കൗശാംബിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അധ്യാപകനായ ശൈലേന്ദ്ര തിവാരിക്കെതിരെ പോലീസ് കേസെടുത്തു.
രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ആദിത്യയുടെ ഇടതു കണ്ണിന്റെ കാഴ്ച തിരിച്ചെടുക്കാൻ സാധിച്ചില്ല. ആദിത്യയുടെ അമ്മ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ച് പരാതി നൽകി.
പുറത്ത് കളിക്കുന്ന ചില വിദ്യാർഥികളെ വിളിക്കാൻ അധ്യാപകൻ തന്നോട് ആവശ്യപ്പെട്ടതായി കുട്ടി പറഞ്ഞു. ആദിത്യ അവരെ വിളിച്ചെങ്കിലും അവർ വന്നില്ല. കുട്ടി ഇക്കാര്യം അധ്യാപകനോടു പറഞ്ഞു. എന്നാൽ ദേഷ്യം വന്ന അധ്യാപകൻ ആദിത്യയ്ക്ക് നേരെ വടി എറിഞ്ഞു.
വടി കണ്ണിൽ കൊണ്ടതിനെ തുടർന്ന് ആദിത്യയ്ക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് അധ്യാപകൻ തന്നെയാണ് ആദിത്യയെ ആശുപത്രിയിൽ കൊണ്ടുപോയത്. സഹപാഠികളാണ് ഈ വിവരം ആദിത്യയുടെ അമ്മയെ അറിയിച്ചത്.
തന്റെ മകൻ നെവാരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയാണെന്ന് ആദിത്യയുടെ അമ്മ ശ്രീമതി പറഞ്ഞു. അധ്യാപകൻ മകന്റെ നേരെ ഒരു വടി എറിഞ്ഞു. അത് അവന്റെ കണ്ണിൽ തട്ടി രക്തം വരാൻ തുടങ്ങി. ഞങ്ങൾ പോലീസിൽ പോയി പരാതിപ്പെട്ടെങ്കിലും അവർ നടപടി സ്വീകരിച്ചില്ല. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് വിഷയം അന്വേഷിച്ചത്.- അവർ പറഞ്ഞു.
ഏപ്രിൽ 15 ന് നടത്തിയ നേത്രപരിശോധനയിൽ കണ്ണിന് കേടുപാടുകൾ സ്ഥിരീകരിച്ചതായി അമ്മ പറഞ്ഞു. ചിത്രകൂടിലെ കണ്ണാശുപത്രിയിൽ എത്തിച്ച കുട്ടിയെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. എന്നാൽ കാഴ്ച തിരികെ ലഭിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇതിനിടയിൽ, വിഷയം ഒതുക്കാൻ അധ്യാപകൻ തങ്ങൾക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ആദിത്യയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കമലേന്ദ്ര കുശ്വാഹ പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് നൽകാൻ ബ്ലോക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.