വയനാട് ദുരിതാശ്വാസ കണക്കുകൾ; വ്യാജ വാർത്തകൽ നൽകി കേരളത്തെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കുകൾ സംബന്ധിച്ച് വാർത്തകളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടന്നത് നശീകരണ മാധ്യമ പ്രവർത്തനമാണ് സമൂഹത്തിന് എതിരായ കുറ്റകൃത്യമാണിത്.
വ്യാജകഥകളിലൂടെ കേരളത്തെ തകർക്കാനും ദുരിതബാധിതരെ ദ്രോഹിക്കാനുമാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് കണക്കുകളെ സംബന്ധിച്ച വ്യാജവാർത്തകൾ ദുരന്തനിവാരണ സംവിധാനങ്ങളുടെയും ദുരിതാശ്വാസ നിധിയുടെയും വിശ്വാസ്യത തകർക്കാനുള്ള ശ്രമം സമൂഹത്തിൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്.
വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതമാണ് നൽകിയത്. സംസ്കാര ചടങ്ങിനായി 10,000 രൂപ വീതം നൽകി. ദുരന്ത ബാധിതർക്ക് 10,000 രൂപ വീതവും നൽകി.
1694 പേർക്ക് 30 ദിവസം 300 രൂപ വീതവും കിടപ്പു രോഗികൾക്ക് 2,97,000 രൂപയും 722 കുടുംബങ്ങൾക്ക് പ്രതിമാസ വാടക 6000 രൂപയും നൽകി. എന്നാൽ ദുരിത ബാധിതർക്ക് നൽകിയതിനേക്കാൾ കൂടുതൽ തുക വൊളന്റിയർമാർക്ക് നൽകിയെന്ന മട്ടിലുള്ള വാർത്തകളാണ് പുറത്തു വന്നത്.
കേൾക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങൾ നൽകിയത്. കേന്ദ്രത്തിന് കള്ളക്കണക്ക് നൽകിയെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു.
കേരളം കള്ളക്കണക്ക് നൽകി കേന്ദ്രസഹായം നേടാൻ ശ്രമിച്ചുവെന്ന ധാരണ ജനങ്ങളുടെയുള്ളിൽ കയറി. കേരളവും അവിടത്തെ ജനങ്ങളും ലോകത്തിനു മുന്നിൽ അപമാനിക്കപ്പെട്ടു. നാടിനെതിരേയുള്ള അജൻഡയാണ് ഇതിലൂടെ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
താരതമ്യമില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. ധനസഹായത്തിനായി കേരളം നൽകിയ മെമ്മോറാണ്ടത്തിലെ കണക്കുകളാണ് ചെലവിന്റെ കണക്കുകളായി വ്യാഖ്യാനിച്ചിരുന്നത്. കേന്ദ്ര സർക്കാർ നൽകിയ മാനദണ്ഡങ്ങൾ പ്രകാരം പ്രൊഫഷണലുകളാണ് മെമ്മോറാണ്ടം തയാറാക്കിയത്.
അതിനെ കള്ളക്കണക്കും ധൂർത്തുമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമമാണ് നടന്നത്. ഒരു കുടുംബത്തിന്റെ വരവ് ചെലവ് കണക്കാക്കുന്ന രീതിയിൽ ഒരു ദുരന്തത്തിന്റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തു.
പല സാധ്യതകൾ കണക്കിലെടുത്താണ് മെമ്മോറാണ്ടം തയാറാക്കിയത്. വിവിധ സർക്കാരുകൾ ദുരന്തസാഹചര്യത്തിൽ നൽകിയ മെമ്മോറാണ്ടങ്ങൾ വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
എൻ.ഡി.ആർ.എഫിന്റേത് ഇടുങ്ഹിയ മാനദണ്ഡമാണ്. 219 കോടി രൂപ മാത്രമേ ചോദിക്കാനാകൂ. ദുരന്ത മേഖലയെ പുനർനിർമിക്കാൻ 2200 കോടി രൂപ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.